കോട്ടയം: കുറുപ്പന്തറയിലെ സ്വകാര്യ പണമിടപാടുകാരൻ ചിറയിൽ സ്റ്റീഫന്റെ കൊലപാതകത്തിന് പിന്നിൽ തമിഴ്‌നാട്ടിൽ നിന്നുള്ള പ്രൊഫഷണൽ സംഘത്തിനു പങ്കുണ്ടെന്ന് സൂചന. പ്രധാന പ്രതിയായ കുറുപ്പന്തറ സ്വദേശി ജോബിന്റെ സൗഹൃദവലയത്തിലുള്ള ക്വട്ടേഷൻ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ജോബിനെ കണ്ടെത്തുന്നതിനായി തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ അന്വേഷണം ആരംഭിച്ചു. കേസിൽ അറസ്റ്റിലായ ആമ്പലപ്പുഴ പുന്നപ്ര അറവുകാട്ട് കൊങ്ങിണിപ്പറമ്പിൽ അരുൺകുമാർ(19), കിഴക്കേതയ്യിൽ ആദർശ് (19) എന്നിവരെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി അന്വേഷണ സംഘം വൈക്കം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. സ്റ്റീഫനും ജോബിന്റെ പിതാവും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിൽ കലാശിച്ചത്. ജോബിൻ തനിച്ചാണ് കൊല നടത്തിയതെന്ന് അറസ്റ്റിലായവർ മൊഴി നൽകിയിട്ടുണ്ടെങ്കിലും പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.
സ്റ്റീഫനുമായി പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാനായാണ് ജോബിൻ എത്തിയതെന്നും, തങ്ങൾ പുറത്ത് നിൽക്കുകയായിരുന്നുവെന്നാണ് ആദർശും, അരുണും പറയുന്നത്. തമിഴ്‌നാട്ടിലെ കോളേജിൽ പഠിക്കുന്ന ജോബിന് ഇവിടെ ക്വട്ടേഷൻ സംഘങ്ങളുമായി അടുപ്പമുണ്ടെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. വിവിധ കോളേജുകളിൽ കമ്മിഷൻ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് ജോബിൻ അഡ്‌മിഷൻ എടുത്തു നൽകിയിരുന്നു. ക്വട്ടേഷൻ സംഘാംഗങ്ങളിൽ ചിലർ സംഭവ ദിവസം ജില്ലയിൽ എത്തിയതായാണ് സംശയം.വീടിനുള്ളിൽ നിന്നു ഒന്നിലധികം വിരലടയാളം ലഭിച്ചിരുന്നു. കൂടാതെ സ്റ്റീഫന്റെ വയറ്റിലും കഴുത്തിലുമേറ്റ മുറിവുകൾ പരിശോധിച്ചതിൽ നിന്ന് കൂടുതൽ ആളുകൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.