തലയോലപ്പറമ്പ്: വേമ്പനാട്ട് കായലിന്റെ തീരത്തെ പാലാക്കരി ഫിഷ് ഫാമിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കെട്ടുവള്ളമ്യൂസിയവും മത്സ്യകന്യകയുടെ ശില്പവും ഒരുങ്ങുന്നു. പഴക്കമെറിയകെട്ടുവള്ളം രണ്ട് ലക്ഷത്തോളം രൂപ ചിലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയാണ് മ്യൂസിയമാക്കുന്നത്. കായലിനോട് ചേർന്ന് കരയിൽ ഹൗസ് ബോട്ടിന്റെ മാതൃകയിൽ ഒരുക്കിയിട്ടുള്ള കെട്ടുവള്ളം മ്യൂസിയത്തിൽ മത്സ്യ ബന്ധന ഉപകരണങ്ങൾ ഉൾപ്പടെയുള്ളവ പ്രദർശിപ്പിക്കും.ഫാമിന്റെ കവാടത്തിൽ മത്സ്യകന്യകയുടെ ശിൽപം നിർമ്മിക്കും. 117 ഏക്കർ വിസ്തൃതിയുള്ള പാലാക്കരി ഫിഷ് ഫാമിൽ പ്രളയത്തിന് ശേഷം ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാൻ തിരക്കേറിവരികയാണ്. അവധി ദിനങ്ങളിൽ ആയിരത്തിലധികം വിനോദസഞ്ചാരികളാണ് ഇവിടെ എത്തുന്നത്. 300 രൂപ ടിക്കറ്റെടുത്ത് പ്രവേശിക്കുന്നവർക്ക് ഒരു പകൽ മുഴുവൻ ഫാമിൽ ചിലവഴിക്കാം.ഇതിന് പുറമെ മത്സ്യ വിഭവങ്ങളടങ്ങിയ ഊണും ഇവിടെ നിന്ന് ലഭിക്കും. ഫാമിൽ നിന്ന് പിടിക്കുന്ന കരിമീൻ,ചെമ്മീൻ, പൂമീൻ, ഞണ്ട് തുടങ്ങിയവ കൊണ്ടുള്ള സ്വാദിഷ്ടമായ വിഭവങ്ങളും ലഭിക്കും. കായൽ കാറ്റേറ്റ് വിശ്രമിക്കാനും കായൽ ഭംഗി നുകരുവാനും മത്സ്യങ്ങൾ ചൂണ്ടയിട്ട് പിടിക്കുന്നതിനും വിനോദസഞ്ചാരികൾക്ക് വിപുലമായ സൗകര്യങ്ങളും ഫാം അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.