waste

തീക്കോയി: വിനോദസഞ്ചാരകേന്ദ്രമാണ്... പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. മൂക്കുപൊത്തിവേണം വിനോദസഞ്ചാരികൾക്ക് വാഗമണ്ണിലേക്ക് എത്താൻ. ദിവസേന നൂറുകണക്കിനാളുകൾ യാത്ര ചെയ്യുന്ന വാഗമൺ റോഡിൽ വ്യാപകമായി മാലിന്യം തള്ളുന്നതായാണ് പരാതി. കഴിഞ്ഞ ദിവസം വെള്ളികുളം മുതൽ വഴിക്കടവ് വഴെയുള്ള ഭാഗത്ത് മാലിന്യങ്ങൾ തള്ളിയത്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് ഉപേക്ഷിച്ചവയിൽ ഏറെയും. റോഡ് വശങ്ങളിലെ താഴ്ചയിലാണ് വൻതോതിൽ മാലിന്യം കുന്നുകൂടുന്നത്. മാലിന്യം യാത്രക്കാരുടെ കണ്ണിൽപെടുകയില്ലെങ്കിലും ദുർഗന്ധം വമിക്കുകയാണ്. വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവർ വിശ്രമത്തിനും കാഴ്ചകൾ ആസ്വദിക്കുന്നതിനും തിരഞ്ഞെടുക്കുന്ന പ്രദേശങ്ങളിൽ പോലും മാലിന്യം തള്ളിയിട്ടുണ്ട്. ഇത് സഞ്ചാരികളെ വാഗമണ്ണിൽ നിന്ന് അകറ്റാൻ കാരണമാകുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

മാലിന്യം മീനച്ചിലാറ്റിലേക്ക്

കനത്ത മഴയിൽ മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് മീനച്ചിലാറ്റിലേക്കാണ്. വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നത് പതിവായതോടെ മുമ്പ് നാട്ടുകാർ സംഘടിച്ച് രംഗത്തെത്തിയിരുന്നു. രാത്രികാല പരിശോധനകൾ കർശനമാക്കിയതോടെയാണ് അന്ന് സാമൂഹ്യവിരുദ്ധരെ പ്രദേശത്ത് നിന്ന് അകറ്റിയത്.