കോട്ടയം: പ്രളയത്തിൽ തകർന്ന ജില്ലയിലെ ആയിരം കിലോമീറ്റർ റോഡ് നന്നാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ട 50 കോടി രൂപയിൽ കിട്ടിയത് 24 കോടി രൂപ മാത്രം. കുമരകം, വൈക്കം മേഖലയിലെ റോഡുകൾ രണ്ടു തവണയായി ഒന്നര മാസത്തിലേറെ വെള്ളത്തിലായിരുന്നു. കുമരകം, വൈക്കം, ഈരാറ്റുപേട്ട, ചങ്ങനാശേരി ഭാഗങ്ങളിലാണ് റോഡ് ഏറ്റവും കൂടുതൽ തകർന്നത്. ഈ കണക്കുകളെല്ലാം പരിശോധിച്ചാണ് പൊതുമരാമത്ത് വകുപ്പ് 35 കോടി അടിയന്തിര അറ്റകുറ്റപണികൾക്കും, 15 കോടി പൂർണമായും തകർന്ന റോഡുകൾക്കുമായി ആവശ്യപ്പെട്ടത്. പ്രധാന റോഡുകളിലെ കുഴികൾ അടയ്‌ക്കുന്ന ജോലികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. പൂ‌ർണമായും തകർന്ന ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപണി ആരംഭിക്കാത്തതിനാൽ ആയിരക്കണക്കിനാളുകളാണ് വലയുന്നത്. ചിലയിടങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് മുടക്കുക കൂടി ചെയ്തതോടെ യാത്രാദുരിതം ഇരട്ടിയായി.

 

മണ്ഡലസീസൺ: 48 റോഡുകൾക്ക് 11 കോടി

ശബരിമല സീസണിനു മുന്നോടിയായി ജില്ലയിലെ 48 റോഡുകളുടെ അറ്റകുറ്റപണികൾക്കായി 11 കോടി രൂപ അനുവദിച്ചു. റോഡുകളിലെ കുണ്ടും കുഴികളും ഒഴിവാക്കുന്നതിനായാണ് ഈ തുക. എം.സി റോഡ് ഒഴികെയുള്ള റോഡുകളിലാണ് അറ്റകുറ്റപ്പണികൾ നടക്കുക.

 

പ്രളയത്തിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപണികൾക്ക് രണ്ടാംഘട്ടമായി കൂടുതൽ തുക അനുവദിച്ചേക്കും. ഇത് ഉപയോഗിച്ച് റോഡുകൾ പൂർണമായും ഗതാഗതയോഗ്യമാക്കാമെന്നാണ് പ്രതീക്ഷ.

 

കെ.പി.ചന്ദ്രൻ,എക്‌സിക്യുട്ടീവ് എൻജിനിയർ