കോട്ടയം: തെക്കുംതലയിലെ കെ.ആർ.നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ എട്ടുകോടി രൂപ മുടക്കി തിയേറ്ററും മിക്സിംഗ് ലാബും നിർമ്മിക്കും. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. പദ്ധതിക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. കെട്ടിട നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നെങ്കിലും ഭരണാനുമതി ലഭിക്കാൻ വൈകിയതാണ് തടസമായത്. നിലവിൽ ആറ് വിഭാഗങ്ങളിലായി 40 പേർക്ക് ഇരിക്കാവുന്ന ക്ളാസ് റൂം തിയേറ്റർ മാത്രമാണുള്ളത്. ഒരു കെട്ടിടത്തിലേയ്ക്ക് തിയേറ്റർ ലാബ് എത്തുന്നതോടെ ഇൻസ്റ്റിറ്റ്യൂട്ടിലെ മുഴുവൻ വിഭാഗങ്ങളിലേയും വിദ്യാർത്ഥികൾക്ക് ഒരുമിച്ചിരുന്ന് പ്രിവ്യൂ നടത്താം. ആഴ്ചയിലൊരിക്കൽ നാട്ടുകാർക്കായും തിയേറ്റർ തുറന്ന് കൊടുക്കും. ഷൂട്ടിംഗിന് ശേഷമുള്ള ജോലികൾക്കായാണ് മിക്സിംഗ് ലാബ്. എഡിറ്റിംഗ്, കളർ മിക്സിംഗ്, മ്യൂസിക് സ്റ്റുഡിയോ തുടങ്ങി എല്ലാ ജോലികളും ചെയ്യാൻ സാധിക്കും. നിലവിൽ ചിത്രാഞ്ജലി സ്റ്റുഡിയോയെയാണ് ആശ്രയിക്കുന്നത്.

 200 പേർക്ക് ഇരിക്കാം
200 പേർക്ക് ഇരിക്കാവുന്ന അത്യന്താധുനിക സൗകര്യങ്ങളോടു കൂടിയ തിയേറ്ററാണ് നിർമ്മിക്കുക. ആധുനിക ശബ്ദ സംവിധാനവും ദൃശ്യഭംഗിയുമാണ് മികവ്.സമ്മേളനങ്ങളും മറ്റും ചേരാൻ സൗകര്യമുള്ള ഓഡിറ്റോറിയം പോലെയാണ് തിയേറ്റർ ഒരുക്കുക.

'' ഇൻസ്റ്റിറ്റ്യൂട്ടിനെ ഏറ്റവും മികച്ച സിനിമാ പഠനകേന്ദ്രമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യം. കോഴ്സിന് അംഗീകാരം സംബന്ധിച്ച പ്രശ്നങ്ങളുണ്ട്. കോഴ്സുകൾക്ക് കുസാറ്റിലെ ഡിപ്പാർട്ട്മെന്റ് ഒഫ് ഹെറിറ്റേജിൽ നിന്നുള്ള അംഗീകാരം നൽകാൻ നിർദേശിച്ചിട്ടുണ്ട് ''-

മന്ത്രി കെ.ടി. ജലീൽ, ഉന്നത വിദ്യാഭ്യാസം

പത്മരാജന്റെ ഓർമകൾ ഇനി ഇവിടുണ്ട്

പി. പദ്മരാജന്റെ പേരിലുള്ള അത്യന്താധുനിക ലൈബ്രറി മന്ത്രി കെ.ടി.കെ.ടി ജലീൽ സമർപ്പിച്ചു. ദേശീയ-അന്തർദേശീയ പുസ്തകങ്ങൾക്ക് പുറമേ ലോക് ക്ളാസിക് സിനിമകൾ, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയ വീഡിയോ ലൈബ്രറിയുമുണ്ട്. പദ്മരാജന്റെ ഭാര്യ രാധാലക്ഷ്മിയെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണിപാമ്പാടി അദ്ധ്യക്ഷത വഹിച്ചു.