കോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വിവിധ ഹൈന്ദവ സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം ശക്തമാക്കാൻ ഹിന്ദു നേതൃസമ്മേളനത്തിൽ തീരുമാനം. ഗുരുസ്വാമിമാരെ പങ്കെടുപ്പിച്ച് സമ്പർക്ക യാത്രകളും വിവിധ കേന്ദ്രങ്ങളിൽ സന്യാസി സമ്മേളനങ്ങളും സംഘടിപ്പിക്കും. 17ന് നിലയ്ക്കലിലും എരുമേലിയിലും സമൂഹപ്രാർത്ഥന നടത്തും. മുഴുവൻ എം.എൽ.എമാരെയും നേരിൽക്കണ്ട് പിന്തുണ അഭ്യർത്ഥിക്കും.
ഹൈന്ദവ ആത്മീയ ആചാര്യന്മാരും, വിവിധ സാമുദായിക സംഘടനാ പ്രതിനിധികളും, താന്ത്രിക ആചാര്യന്മാരും ഉൾപ്പെടെ 65 പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. മാർഗദർശക മണ്ഡൽ ജനറൽ സെക്രട്ടറി സ്വാമി സത്യസ്വരൂപാനന്ദ അദ്ധ്യക്ഷത വഹിച്ചു. അയ്യപ്പ സേവാസമാജം പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് ചർച്ച നയിച്ചു. ജി. രാമൻനായർ, കെ.പി. ശശികല, വി.കെ. വിശ്വനാഥൻ, ഇ.എസ്. ബിജു, സ്വാമി അഭയാനന്ദ തീർത്ഥപാദർ, സ്വാമി ദർശനാനന്ദ സരസ്വതി, സ്വാമി സനാതനാനന്ദപുരി, സ്വാമി ശിവബോധാനന്ദ, സ്വാമി ആനന്ദതീർത്ഥ, സ്വാമി ഗൗരീശാനന്ദ തീർത്ഥപാദർ, സ്വാമി സത്യാനന്ദ സരസ്വതി, എസ്.ആർ.ജെ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.