കോട്ടയം: ലോക് സഭ തിരഞ്ഞെടുപ്പിനുള്ള പ്രാരംഭ ഒരുക്കങ്ങൾ ആരംഭിച്ചതിനിടയിൽ വിവിധ രാഷ്ട്രീയപാർട്ടികൾക്ക് ശബരിമല യുവതീ പ്രവേശന വിവാദം തിരഞ്ഞെടുപ്പ് പ്രചാരണായുധമാകുന്നു. കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിത്വം പ്രതീക്ഷിക്കുന്ന കേരളകോൺഗ്രസ് (എം) അടക്കം ഹിന്ദുവോട്ട് ബാങ്കുകളെ സ്വാധീനിക്കാൻ കഴിഞ്ഞ ദിവസം ഉപവാസ സമരം നടത്തി. നാമജപഘോഷയാത്രയും റോഡ് തടയലുമടക്കം സമരപരിപാടികളുമായി ബി.ജെ.പിയും രംഗത്തെത്തിയതോടെ വിഷയം ചൂടുപിടിക്കുകയാണ്. സി.പി.എമ്മാകട്ടെ വിശ്വാസികളെ പിണക്കാതെ ബി.ജെ.പി ,കോൺഗ്രസ് സമരത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്ന പ്രതിരോധ സമരത്തിലാണ്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് രണ്ട് കൺവെൻഷനുകൾ നടത്തി. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ പങ്കെടുത്ത കൺവെൻഷനുകളിൽ കോട്ടയം സീറ്റ് മാണിഗ്രൂപ്പിനാണെന്ന പ്രഖ്യാപനവും നടത്തി. മാണി ഗ്രൂപ്പിന് കോട്ടയത്തിന് പകരം കോൺഗ്രസിന്റെ കൈവശമുള്ള ഇടുക്കി നൽകിയാൽ കോട്ടയത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി മത്സരിക്കുമെന്ന പ്രചാരണം നേരത്തെ ശക്തമായിരുന്നു. ജോസ് കെ.മാണി മത്സരിക്കാത്ത സാഹചര്യത്തിൽ കോട്ടയം സീറ്റിൽ മാണി ഗ്രൂപ്പിലെ ആരു സ്ഥാനാർത്ഥിയാകുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പാർട്ടി നേതൃത്വം നൽകുന്നില്ല. മോൻസ് ജോസഫിന്റെ പേരാണ് ശക്തമായി ഉയരുന്നത്. മോൻസ് മത്സരിച്ചു ജയിച്ചാൽ രാജ്യസഭ എം.പിയായ ജോസ്.കെ.മാണിക്കു മുകളിലാകുമെന്നതിനാൽ മാണി ഗ്രൂപ്പ് താത്പര്യം കാണിക്കുന്നില്ല. അരഡസനിലേറെ നേതാക്കൾ സ്ഥാനാർത്ഥി മോഹികളായി കളത്തിലുണ്ട്. മാണിയാകട്ടെ മനസു തുറക്കുന്നുമില്ല.

ഇടതുമുന്നണിയിൽ ജനതാദളിന്റെ കൈവശമാണ് കോട്ടയം സീറ്റ്. മികച്ച സ്ഥാനാർത്ഥിയെ നിറുത്തിയാൽ വിജയം സുനിശ്ചിതമാണെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. ചെങ്ങന്നൂരിലെപ്പോലെ ന്യൂനപക്ഷ സമുദായ പിന്തുണയും അവർ പ്രതീക്ഷിക്കുന്നു. എൻ.ഡി.എ സ്ഥാനാർത്ഥിയായി കോട്ടയത്ത് പി.സി.തോമസ് മത്സരിക്കുമെന്ന പ്രചാരണം ശക്തമാണ്. ക്രൈസ്തവ വോട്ടുകൾക്കു പുറമേ ശബരിമല വിവാദവും തോമസിന് അനുകൂലമാകുമെന്നാണ് കണക്കുകൂട്ടൽ.