കോട്ടയം: വയോജനങ്ങളെ പരിപാലിക്കാൻ ജില്ലാ പഞ്ചായത്ത് ആരംഭിച്ച പകൽവീട് പദ്ധതി പാതിവഴിയിൽ. 2.65 കോടി രൂപ വകയിരുത്തി 22 ഡിവിഷനുകളിൽ പകൽവീടുകൾ നിർമ്മിക്കാനായിരുന്നു തീരുമാനം. സ്ഥലം കണ്ടെത്തി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഒരിടത്തും പകൽവീട് തുറന്നു കൊടുത്തില്ല. കുറവിലങ്ങാട്,കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പാമ്പാടി, പൊൻകുന്നം, കിടങ്ങൂർ, വൈക്കം, വെള്ളൂർ, ഉഴവൂർ, ഭരണങ്ങാനം, പൂഞ്ഞാർ, മുണ്ടക്കയം, എരുമേലി, കങ്ങഴ, അയർക്കുന്നം, പുതുപ്പള്ളി, വാകത്താനം, തൃക്കൊടിത്താനം, കുറിച്ചി, കുമരകം, അതിരമ്പുഴ, തലയാഴം തുടങ്ങിയ ഡിവിഷനുകളിൽ ഒരു കെട്ടിടത്തിന് 10 ലക്ഷം വീതമാണ് അനുവദിച്ചിരുന്നത്. ജില്ലാ പഞ്ചായത്ത് എക്‌സിക്യുട്ടീവ് എൻജിനിയർക്കായിരുന്നു നിർമ്മാണ ചുമതല.
പദ്ധതി ഇങ്ങനെ
പകൽ മക്കൾ ജോലിക്കും പേരക്കുട്ടികൾ സ്‌കൂളിലും പോയി കഴിഞ്ഞാൽ ഒറ്റപ്പെട്ടിരിക്കുന്ന വയോജനങ്ങൾക്ക് മാനസിക-ശാരീരിക പരിരക്ഷ നൽകുകയായിരുന്നു ലക്ഷ്യം. വിവിധ വിനോദാപാധികളും ഭക്ഷണവും ലൈബ്രറിയും ഒരുക്കാനായിരുന്നു തീരുമാനം.
സായംപ്രഭ എങ്ങുംമെത്തിയില്ല
സാമുഹ്യനീതിവകുപ്പ് ''സായംപ്രഭ '' എന്ന പേരിൽ പഞ്ചായത്തുകളിൽ പകൽപരിപാലന കേന്ദ്രങ്ങൾ ആരംഭിക്കാൻ നേരത്തെ പദ്ധതിയിട്ടെങ്കിലും നടപ്പിലായില്ല. വിരലിലെണ്ണാവുന്ന പഞ്ചായത്തുകൾ മാത്രമാണ് താത്പര്യം പ്രകടിപ്പിച്ചത്. സായംപ്രഭ പാളിയതോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ഏറ്റെടുത്തത്.