കോട്ടയം: ചങ്ങനാശേരി-ചിങ്ങവനം റൂട്ടിലെ പാത ഇരട്ടിപ്പക്കൽ പൂർത്തിയായതോടെ യാത്രക്കാരുടെ ദുരിതത്തിനും അറുതിയാകുന്നു. അടുത്തമാസം നടത്തുന്ന പരീക്ഷ ഓട്ടം വിജയിച്ചാൽ ഡിസംബർ 5 മുതൽ പാത തുറന്നു കൊടുക്കും. തിരുവനന്തപുരം മുതൽ ചിങ്ങവനം വരെ ക്രോസിംഗ് ഒഴിവാക്കി യാത്ര ചെയ്യാനാകും. അടുത്തമാസം പകുതിയോടെയാണ് ബംഗളുരുവിൽ നിന്നുള്ള റെയിൽ സേഫ്റ്റി കമ്മിഷണർ ആദ്യം ട്രോളിയിലും തുടർന്ന് രണ്ട് ബോഗികളുള്ള ട്രെയിനിലും പരീക്ഷണ ഓട്ടം നടത്തുക. 100 കിലോമീറ്റർ വേഗത്തിലായിരിക്കും പരീക്ഷണ ഓട്ടം. ചങ്ങനാശേരി മുതൽ ചിങ്ങവനം വരെയുള്ള 10 കിലോമീറ്റർ ആറുമിനിറ്റുകൊണ്ട് ഓടിയെടുത്തും.വിജയിച്ചാൽ ചങ്ങനാശേരി- ചിങ്ങവനം റൂട്ടിലെ പുതിയ പാളം സിഗ്നൽ ബോർഡുമായി ബന്ധിപ്പിച്ച് ഡിസംബറിൽ കമ്മിഷൻ ചെയ്യും. പാസഞ്ചർ- 50, എക്സ്‌പ്രസ് -60 സൂപ്പർ ഫാസ്റ്റ്-70 കിലോമീറ്റർ എന്നിങ്ങനെയാണ് വേഗത.
പുതിയ മേൽപ്പാലങ്ങളും
ചിങ്ങവനം, പാളോച്ചിറ, കനക്കുന്ന്, മന്ദിരം, എണ്ണക്കാച്ചിറ, പുലിക്കുഴി, കുറിച്ചി, ചിറവംമുട്ടം, മോർക്കുളങ്ങര, പാറേൽ, ചങ്ങനാശേരി വാഴൂർ റോഡ് എന്നിവ അടക്കം 10 മേൽപ്പാലങ്ങളാണ് നിർമ്മിക്കുന്നത്.
പ്രതീക്ഷിക്കാൻ ഇനിയുമുണ്ട്
ഡിസംബർ അവസാനവാരം ഏറ്റുമാനൂർ -കുറുപ്പുന്തറ എട്ട് കിലോമീറ്റർ പുതിയ പാളത്തിന്റെ പരീക്ഷ ഓട്ടം നടക്കും. ഫിറ്റ്നസ് ലഭിച്ചാൽ ജനുവരി ആദ്യവാരം ട്രെയിനുകൾ ഓടിത്തുടങ്ങും. ഇതോടെ ഏറ്റുമാനൂർ മുതൽ എറണാകുളം വരെ ഇരട്ടപ്പാത നിലവിൽവരും. നിർമ്മാണം ഇഴയുന്ന ഏറ്റുമാനൂർ- ചിങ്ങവനം പാത ഇരട്ടിപ്പക്കൽ കൂടി പൂർത്തിയായാൽ തിരുവന്തപുരം- എറണാകുളം റൂട്ട് പൂർണമായും ഇരട്ടപ്പാതയാവും. ഏറ്റുമാനൂർ-കോട്ടയം റീച്ചിലെ പാതഇരട്ടിപ്പിക്കൽ പൂർത്തിയായാൽ വടക്കൻമേഖലയിൽ നിന്ന് എറണാകുളം വരെയുള്ള ട്രെയിനുകൾ കോട്ടയത്തേയ്ക്ക് ദീർഘിപ്പിക്കാനുമാവും. 2003ലാണ് എറണാകളഉം-കായംകുളം റൂട്ടിൽ 114 കിലോമീറ്ററിൽ ഇരട്ടപ്പാത നിർമ്മാണം തുടങ്ങിയത്.