ഈരാറ്റുപേട്ട: നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. 13ഓളം ഹോട്ടലുകളിലാണ് സംഘം പരിശോധന നടത്തിയത്. റസൽഹോട്ടൽ, ഇൻഡ്യൻ ഹോട്ടൽ, ഫാത്തിമ, മുഗൾ, ബദരിയ ബ്ലോക്ക് ഓഫീസ് റോഡിലെ ഐശ്വര്യ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴയഭക്ഷണം പിടികൂടിയത്. വിന്നർ ഹോട്ടലിൽ നിന്നും പഴകിയ എണ്ണയും പിടിച്ചെടുത്തു.രാവിലെ എട്ടരയോടെ ആരംഭിച്ച പരിശോധന മണിക്കൂറുകൾ നീണ്ടു.
പഴക്കംചെന്ന ബീഫ്ഫ്രൈ,പുളിശേരി, പരിപ്പ്കറി, പലഹാരങ്ങൾ, മീൻകറി, ഉഴുന്നുവട, പരിപ്പ് വട, ഏത്തയ്ക്കാബോളി, ബിരിയാണി റൈസ് എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു. വിവിധ സ്ഥാപനങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് കൂടുകളും പിടിച്ചെടുത്തിട്ടുണ്ട്. ഹോട്ടലുകൾക്കെതിരെ പരാതി ലഭിച്ചതിനെ തുടർന്നാണ് ആരോഗ്യവിഭാഗം പരിശോധനയ്ക്കിറങ്ങിയത്.
ആദ്യഘട്ടമെന്ന നിലയിൽ സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ പറഞ്ഞു. വീണ്ടും പഴകിയ ഭക്ഷണം പിടിച്ചാൽ നിയമനടപടി സ്വീകരിക്കും. ജൂണിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഷംസുദീൻ, ഷീബ എന്നിവർ പരിശോധകൾക്ക് നേതൃത്വം നൽകി.തുടർന്നും പരിശോധന കർശനമാക്കുമെന്ന് നഗരസഭ ചെയർമാൻ വി.കെ.കബീർ അറിയിച്ചു.
മാലിന്യം ആറ്റിലേക്ക്
മീനച്ചിലാറിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകൾ ആറ്റിലേയ്ക്ക് മാലിന്യമൊഴുക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. മാലിന്യം സംഭരിക്കാൻ മൂന്ന് ദിവസങ്ങൾക്കുള്ളിൽ സംവിധാനം ഒരുക്കണമെന്ന് കാട്ടി സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നഗരത്തിലെ ചെറുകടി വില്പനകേന്ദ്രങ്ങളിലെ എണ്ണയുടെ ഗുണമേന്മ സംബന്ധിച്ച് പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.