വൈക്കം: വിത്ത് ലഭിക്കാത്തതിനെ തുടർന്ന് വെച്ചൂർ മേഖലയിലെ പാടശേഖരങ്ങളിലെ കൃഷി പ്രതിസന്ധിയിൽ. വലിയ വെളിച്ചം, കോലംപുറത്തുകരി, പൂവത്തുക്കരി,പട്ടട ക്കരി, ഇട്ടിക്കോടൻകരി, അച്ചിനകം തുടങ്ങി പത്തോളം പാടശേഖരങ്ങളിലേക്കാണ് വിത്ത് ലഭിക്കേണ്ടത്. ആയിരത്തിലധികം ചെറുകിട കർഷകരാണ് മേഖലയിലുള്ളത്. ഇവിടെ വിതയ്ക്കാൻ 65 ടൺ വിത്താണ് വേണ്ടത്.വെച്ചൂരിലെ 30 പാടശേഖരങ്ങളിലായി 3500 ഏക്കറിലാണ് നെൽകൃഷിയുള്ളത്. ഇതിൽ 20 പാടശേഖരങ്ങളിൽ വിതകഴിഞ്ഞു. കർഷകർക്ക് ആലപ്പുഴയിലെ കേരള സ്‌റ്റേറ്റ് സീഡ് ഡവലപ്‌മെന്റ് അതോറിറ്റി മുഖേനയാണ് വിത്തു ലഭിക്കേണ്ടത്. പ്രളയത്തെ തുടർന്ന് കേരളത്തിലെ ഒട്ടുമുക്കാൽ കൃഷിയും നശിച്ചതിനാൽ വീണ്ടും വിതക്കേണ്ടി വന്നതിനാലാണ് വിത്തിന് ക്ഷാമം നേരിടുന്നതെന്നാണ് കൃഷി വകുപ്പ് അധികൃതരുടെ മറുപടി. നാഷണൽ സീഡ് കോർപ്പറേഷൻ മുഖേന മാത്രമേ ഇനി വിത്ത് ലഭ്യമാക്കാൻ കഴിയുകയുള്ളുവെന്ന് അധികൃതർ പറയുന്നു.എന്നാൽ ഇതിനുള്ള ശ്രമങ്ങൾ അധികൃതർ സ്വീകരിച്ചിട്ടില്ലെന്നാണ് കർഷകരുടെ ആരോപണം.
29 കോടിയുടെ നാശം
പ്രളയത്തിൽ വെച്ചൂർ മേഖലയിൽ 29 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചിരുന്നു. പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തിയതിനും കേടായ മോട്ടോറുകൾ നന്നാക്കിയതിനും പാടശേഖര സമിതികൾ ലക്ഷങ്ങൾ ചെലവഴിച്ചിരുന്നു. സർക്കാർ ധനസഹായം നൽകുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.