കോട്ടയം : ദർശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള അഖില കേരള പ്രൊഫഷണൽ നാടകമത്സരവും സാംസ്‌കാരികോത്സവവും 22 മുതൽ 28 വരെ നടക്കും.
22ന് വൈകുന്നേരം 6.30ന് വടകര കാഴ്ച അവതരിപ്പിക്കുന്ന 'ഓലപ്പുര', 23ന് കൊല്ലം അസിസിയുടെ 'ഓർക്കുക വല്ലപ്പോഴും', 24ന് സംസ്‌കൃതി, തിരുവനന്തപുരത്തിന്റെ 'വൈറസ്', 25ന് അമ്പലപ്പുഴ സാരഥിയുടെ 'കപടലോകത്തെ ശരികൾ', 26ന് തിരുവനന്തപുരം സംഘചേതനയുടെ 'കടുകോളം വലുത്', 27ന് പാലാ കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന 'സ്‌നേഹമേഘത്തുണ്ട്,' 28ന് ആവിഷ്‌കാര കൊല്ലത്തിലെ ' അക്ഷരങ്ങൾ' എന്നിവയാണ് മത്സരത്തിൽ പങ്കെടുക്കുന്ന നാടകങ്ങൾ. പ്രവേശനം സൗജന്യമാണ്.

കോട്ടയം ദർശന സാംസ്‌കാരിക കേന്ദ്രത്തിൽ 22ന് വൈകുന്നേരം 5.30ന് നാടക സിനിമാനടൻ ബാബു നമ്പൂതിരി നാടകോത്സവം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കോട്ടയം തിയറ്റർ അക്കാദമി ചെയർമാൻ ജയിംസ് മുകളേലിനെയും ദർശന അക്കാദമി ഡയറക്ടർ ഫാ.തോമസ് പുതുശേരിയെയും വി.എൻ വാസവൻ ആദരിക്കും.

23 മുതൽ നടക്കുന്ന സ്മൃതിദർപ്പൺ പരിപാടിയിൽ മലയാള നാടകവേദിയിലെ മൺമറഞ്ഞ പ്രതിഭകളെ അനുസ്മരിക്കും. കേരളകൗമുദി സ്പെഷ്യൽ കറസ് പോണ്ടന്റ് വി. ജയകുമാർ, രാജേഷ് പുതുമന, ബിജി കുര്യൻ, പോൾമണലിൽ, സി കെ ശശി എന്നിവർ സംസാരിക്കും.

28ന് വൈകുന്നേരം 5.30ന് നടക്കുന്ന എൻ.എൻ പിള്ള ജന്മശതാബ്ദി സമ്മേളനം സുരേഷ്‌കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എൻ.എൻ പിള്ള സ്മാരക പ്രഭാഷണം ഡോ. മുഞ്ഞിനാട് പത്മകുമാർ നടത്തും. പി.ആർ ഹരിലാൽ അനുസ്മരിക്കും. ചടങ്ങിൽ സംവിധായകൻ മണികണ്ഠദാസിനെ ആദരിക്കും.നാടകമത്സരത്തിൽ മികച്ച നാടകത്തിന് 25,000 രൂപയും. രണ്ടാം സമ്മാനമായി 20,000 രൂപയും മികച്ച രചന, സംവിധാനം, സംഗീതം, നടൻ, നടി, ഹാസ്യനടൻ , എന്നിവയ്ക്ക് 5000 വീതവും സഹനടൻ, സഹനടി, എന്നിവയ്ക്ക് 4000 രൂപവീതവും നൽകും.