പാലാ: നിൽക്കാനോ ഇടമില്ല, ഒപ്പം സദാ സമയം നായ്ക്കളുടെ പടയും.കാത്തിരിപ്പുകേന്ദ്രത്തിലേക്ക് കാലുകുത്തിയാൽ കടിയുമുറപ്പ് എന്നതാണ് അവസ്ഥ. നഗരത്തിൽ സ്റ്റേഡിയം ജംഗ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രം ഇപ്പോൾ ശ്വാനപടയുടെ കരങ്ങളിലാണ്. നായകൂട്ടത്തിന്റെ കിടപ്പും ഉറക്കവുമെല്ലാം ഇപ്പോൾ ഈ കാത്തിരിപ്പുകേന്ദ്രത്തിലാണ്. യാത്രക്കാർക്ക് ഇവിടെ ഇരിക്കാനോ, നില്ക്കാനോ ആവാത്ത അവസ്ഥയും.
രാവിലെയും വൈകുന്നേരങ്ങളിലുമടക്കം നൂറുകണക്കിന് യാത്രക്കാരാണ് ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വിവിധ ഭാഗങ്ങളിലേക്ക് പോകാനായി എത്തുന്നത്.നന്നേ ചെറിയ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ തിരക്കുള്ള സമയത്ത് മഴയും വെയിലുമേൽക്കാതെ നിൽക്കാനിടമില്ല. അപ്പോഴാണ് നായക്കൂട്ടത്തിന്റെ ശല്യവും. കോട്ടയം, വൈക്കം, പൊൻകുന്നം, രാമപുരം, കൂത്താട്ടുകുളം, എറണാകുളം ഭാഗങ്ങളിലേക്കുള്ള യാത്രക്കാരടക്കം സ്റ്റേഡിയം ജംഗ്ഷനിൽ നിന്നാണ് ബസ് കയറുന്നത്. അതേസമയം സ്റ്റേഡിയം ജംഗ്ഷനിൽ യാത്രക്കാർക്ക് കയറി നിൽക്കാൻ കഴിയുംവിധം വിശാലമായ ബസ് കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്.
സ്റ്റേഡിയം ജംഗ്ഷനിൽ യാത്രക്കാർക്ക് ഇരിക്കാൻ പാകത്തിൽ സീറ്റുകളോടുകൂടിയ വെയിറ്റിംഗ്‌ഷെഡ് സ്ഥാപിക്കണം. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല.
ലൈല സന്തോഷ് വള്ളോന്തോട്ടം, ഏഴാച്ചേരി ബാങ്ക് ഭരണസമിതിയംഗം.