adulterated-foods-കോട്ടയം: ഷുഗറും കൊളസ്ട്രോളും പരിശോധിക്കാൻ നൂറുരൂപ പോലും വേണ്ട. പക്ഷേ, ഭക്ഷ്യോത്പന്നങ്ങളിലെ മായമറിയാൻ ജി.എസ്.ടി അടക്കം 2018 രൂപ കൊടുക്കണം! ഭക്ഷണത്തിലെ മായം പെരുകുമ്പോഴും പരിശോധിക്കാൻ സാധാരണക്കാരന് തടസം കഴുത്തറപ്പൻ ഫീസാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ റീജിയണൽ അനലറ്റിക്കൽ ലാബുകളിലാണ് ഭക്ഷ്യ സാധനങ്ങൾ പരിശോധിക്കാൻ സൗകര്യമുള്ളത്. ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിക്കുന്ന സാമ്പിളുകൾ സൗജന്യമായി പരിശോധിക്കുമെങ്കിലും പൊതുജനങ്ങൾക്ക് ഫീസ് നൽകണം. പൊടികളാണെങ്കിൽ പരിശോധനയ്ക്ക് മിനിമം അരക്കിലോയും വെളിച്ചെണ്ണയെങ്കിൽ 400 ഗ്രാമും വേണം. 1710 രൂപയും 18 ശതമാനം ജി.എസ്.ടിയും അടക്കം 2018 രൂപയാണ് ഫീസ്. ഇത്രയും ഫീസ് നൽകുക പ്രായോഗികമല്ലാത്തതിനാൽ കടയിൽ നിന്ന് കിട്ടുന്നത് ശുദ്ധമാണെന്ന് കരുതി കഴിക്കുകയേ നിവൃത്തിയുള്ളൂ.

2018 ജനുവരി 1 മുതൽ ആഗസ്റ്റ് 31വരെ മൂന്ന് ലാബുകളിൽ പരിശോധിച്ച 500 ലേറെ ഭക്ഷ്യോത്പന്നങ്ങളിൽ നിന്ന് മായം കണ്ടെത്തിയിട്ടുണ്ടെന്ന് വിവരാവകാശ മറുപടിയിൽ പറയുന്നു. പിഴയീടാക്കിയും ലൈസൻസ് റദ്ദ് ചെയ്തും നടപടിയെടുക്കുമ്പോൾ പുതിയപേരിൽ അതേസാധനം വിപണിയിൽ ഇറങ്ങുകയാണ്.

പിഴ 25.46 ലക്ഷം രൂപ

മായമുള്ള ഭക്ഷ്യസാധനങ്ങൾ വിറ്റതിന് ഒമ്പത് ജില്ലകളിൽ നിന്ന് 25.46 ലക്ഷം രൂപ പിഴയീടാക്കി. കോഴിക്കോട് ജില്ലയിലാണ് പിഴത്തുക ഏറ്റവും കൂടുതൽ. വയനാട്ടിൽ നിന്നാവട്ടെ പിഴയായി ഒരു രൂപ പോലും ഈടാക്കിയിട്ടില്ല.

 കോഴിക്കോട്: 7.89 ലക്ഷം

തിരുവനന്തപുരം: 7.30 ലക്ഷം

പത്തനംതിട്ട: 2.75 ലക്ഷം

കോട്ടയം: 2.33 ലക്ഷം

 മലപ്പുറം: 1.98 ലക്ഷം

ഇടുക്കി: 1.68 ലക്ഷം

 എറണാകുളം: 1.31 ലക്ഷം

 പാലക്കാട്: 22,000

വയനാട്: 0

'' പൊതുജനങ്ങൾ പരിശോധനയ്ക്ക് സാധനങ്ങൾ നൽകുന്നത് ഒഴിവാക്കാനാണ് ഇത്രയധികം ഫീസ് ഈടാക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന കാര്യക്ഷമമല്ലാത്തതിനാലാണ് മായം ചേർക്കൽ വ്യാപകമാകുന്നത്. ഫീസ് കുറയ്ക്കാൻ സർക്കാർ ഇടപെടണം.''

- രാജു വാഴക്കാല, വിവരാവകാശ പ്രവർത്തകൻ