ഭീഷണിയായി വെട്ടൂർ ജംഗ്‌ഷനിലെ ട്രാൻസ്‌ഫോർമർ

കഞ്ഞിക്കുഴി: അപകടം വിതയ്ക്കാൻ തലയുയർത്തി ഒൻപത് പതിറ്റാണ്ട് പഴക്കമുള്ള ഒരു ട്രാൻസ്‌ഫോർമർ. ദേവലോകം വെട്ടൂർ ജംഗ്ഷനിലെ ട്രാൻസ്‌ഫോർമർ നാട്ടുകാരുടെ ജീവന് ഭീഷണിയായിട്ടും മാറ്റി സ്ഥാപിക്കാൻ നടപടിയില്ല.
കോട്ടയം നഗരസഭയുടെ മൂന്ന് വാർഡുകൾ കൂടിച്ചേരുന്ന ഏറ്റവും തിരക്കേറിയ ജംഗ്ഷനിലാണ് ഏത് നിമിഷവും നിലംപതിക്കാമെന്ന അവസ്ഥയിൽ ട്രാൻസ്‌ഫോമർ സ്ഥിതി ചെയ്യുന്നത്. മടുക്കാനി റോഡ്, ദേവലോകം റോഡ്, കഞ്ഞിക്കുഴി മാർക്കറ്റ് റോഡ് എന്നീ മൂന്ന് റോഡുകൾ ഒന്നിക്കുന്നതും ജംഗ്ഷനിലാണ്. ഇരുചക്രവാഹനങ്ങളടക്കം ട്രാൻസ്‌ഫോർമറിലിടിച്ച് മറിയുന്നത് പതിവാണ്. പരാതിയെ തുടർന്ന് ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗൺസിലർമാർ കെ.എസ്.ഇ.ബിയെ സമീപിച്ചിരുന്നു. ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കാൻ വെട്ടൂർ ജംഗ്ഷനിൽ പുതുവേലി കോളനിയോട് ചേർന്നുള്ള 30 സെന്റ് സ്ഥലം വിട്ടു നൽകാൻ നഗരസഭ തയാറായിരുന്നു. ഇതിനായി 3 ലക്ഷം രൂപയും അനുവദിച്ചു. എന്നാൽ താലൂക്ക് സർവേയർ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയ റിപ്പോർട്ട് മുൻസിപ്പൽ സെക്രട്ടറിക്ക് കൈമാറാത്തതാണ് നടപടികൾ വൈകാൻ കാരണമെന്നാണ് ആക്ഷേപം.

എന്ത് പരിഗണന

അപകടാവസ്ഥയിലായ ട്രാൻസ്‌ഫോർമർ മാറ്റിസ്ഥാപിക്കുന്നതിൽ കെ.എസ്.ഇ.ബിയും കാര്യമായ പരിഗണന നൽകുന്നില്ലെന്നാണ് പരാതി. വിഷയം സംബന്ധിച്ച് വാർഡ് കൗൺസിലർ ലില്ലിക്കുട്ടി മാമന്റെ നേതൃത്വത്തിൽ വൈദ്യുതി മന്ത്രിക്കും പരാതി നൽകിയിരുന്നു.നടപടി വൈകുന്ന സാഹചര്യത്തിൽ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.