വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് മുന്നോടിയായി നടക്കുന്ന പുള്ളി സന്ധ്യാവേലയുടെ കോപ്പുതൂക്കൽ ക്ഷേത്ര കലവറയിൽ നടന്നു. ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങൾക്ക് മുന്നോടിയായി നടത്തുന്ന ചടങ്ങാണിത്. ദേവസ്വം ഭരണാധികാരി അടിയന്തരങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ അളന്നു തൂക്കി ക്ഷേത്ര കാര്യക്കാരനെ എല്പിക്കുന്നതോടെ ഉത്സവ ചടങ്ങുകൾ വീഴ്ച വരാതെ കാര്യക്കാരൻ ഏറ്റുവാങ്ങുന്നതായാണ് വിശ്വാസം. കോപ്പു തൂക്കലിന് മുൻപ് ദേവസ്വം ഭാരവാഹികൾ വൈക്കത്തപ്പന് വിശേഷാൽ വഴിപാട് നടത്തി. വിഘ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഗണപതി നടയിലും തൂണുമ്മേൽ ഗണപതിയുടെ നടയിലും നാളികേരം ഉടച്ചു. തുടർന്ന് കലവറയുടെ പൂമഖത്ത് ദീപം തെളിയിച്ച് തൂശനിലയിൽ പൂവൻ പഴം വച്ച് സുഗന്ധദ്രവ്യങ്ങൾ പുകച്ചു . ഈ സമയം പഞ്ചാക്ഷരി മന്ത്രജപത്തോടെ മംഗള വസ്തുക്കളായ ചന്ദനവും മഞ്ഞളും ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ അളന്ന് തൂക്കി ക്ഷേത്ര കാര്യക്കാരനായ ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ശ്രീപ്രസാദ് ആർ നായരെ എല്പിച്ചു. ഉപദേശക സമിതി ഭാരവാഹികളായ സോമൻ കടവിൽ, പി.എം സന്തോഷ് കുമാർ, ചിത്രൻ , ഗിരിഷ് ജി നായർ, സുനിൽ മാളിയേക്കൽ, സുരേഷ് മുത്തുച്ചിപ്പി അഡ്വക്കറ്റ് കമ്മിഷണർ പി. രാജിവ്, ആർ.സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.