അയ്‌മനം: പരിപ്പ് - തൊള്ളായിരം - മാഞ്ചിറ റോഡിന്റെ നിർമ്മാണം ആരംഭിച്ചതോടെ വർഷങ്ങളായുള്ള പ്രദേശവാസികളുടെ ദുരിതത്തിന് അറുതിയാകുന്നു. വള്ളങ്ങളെ ആശ്രയിച്ച് പുറംലോകത്തെത്തിയിരുന്ന ഇവരുടെ ചിരകാല സ്വപ്‌നമായിരുന്നു റോഡ്. ഫണ്ടുണ്ടായിട്ടും വർഷങ്ങളായി നിർമ്മാണ പ്രവർത്തനം മുടങ്ങിക്കിടക്കുകയായിരുന്നു. പാടശേഖരങ്ങളിലൂടെയായതിനാൽ പൈലിംഗ് നടത്തി വേണമായിരുന്നു റോഡ് നിർമ്മിക്കാൻ. എന്നാൽ സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് നിർമ്മാണം വൈകിപ്പിച്ചെന്നായിരുന്നു ആരോപണം. പരിപ്പ് ഹൈസ്കൂൾ, ഒളശ്ശ , സി.എം.എസ്, ഹോളിക്രോസ് അയ്‌മനം തുടങ്ങിയ സ്‌കൂളുകളിലേക്കും അയ്‌മനം പ്രാഥമികാരോഗ്യ കേന്ദ്രം, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാർഗമാണ് റോഡ്.
സംസ്ഥാനസർക്കാർ അനുവദിച്ച 12 കോടി ഉപയോഗിച്ച് ആറ് മാസം മുമ്പ് നിർമ്മാണ പ്രവർത്തനങ്ങൾ പുന:രാരംഭിച്ചെങ്കിലും വെള്ളപ്പൊക്കത്തെത്തുടർന്നു നിറുത്തിവച്ചു. പരിപ്പ് മുതൽ മാഞ്ചിറപ്പാലം വരെയുള്ള ഭാഗം ആദ്യം പൂർത്തിയാക്കാനാണ് പദ്ധതി. മാഞ്ചിറ പാലം- കവണാറ്റിൻകര വരെയാണ് രണ്ടാംഘട്ടം. കോട്ടയം – കുമരകം റോഡിനു സമാന്തര പാതയായി ഇതു മാറും. അവശേഷിക്കുന്ന റോഡിന്റെ പൂർത്തീകരണത്തിനും പാലം നിർമ്മാണത്തിനുമായി എസ്റ്റിമേറ് സമർപ്പിച്ചിട്ടുണ്ട്. നിർമ്മാണം പൂർത്തിയായാൽ വൈക്കം, ചേർത്തല ഭാഗത്തുനിന്നു രോഗികളുമായി വരുന്ന വാഹനങ്ങൾക്കു കുമരകം റോഡിലൂടെ പോകാതെ മെഡിക്കൽ കോളജിൽ എത്തിച്ചേരാം.
അപ്രോച്ച് റോഡില്ലാതെ തൊള്ളായിരം പാലം
സുരേഷ് കുറുപ്പ് എം.പി യായിരുന്ന കാലത്ത് നിർമ്മിച്ച പരിപ്പ് തൊള്ളായിരം പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം ഇതുവരെ പൂർത്തിയായില്ല. ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണം നടക്കാത്തതിനെതിരെ പ്രതിഷേധമുയരുന്നുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെ കടന്നു പോകുന്ന മാഞ്ചിറയിലെ തടിപ്പാലം അപകടാവസ്ഥയിലാണ്. പുതിയ പാലത്തിനും ഫണ്ട് അനുവദിച്ചിരുന്നു.
'' റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണം. നെല്ലും മറ്റ് കാർഷിക വിളകളും ചുമക്കാതെ വാഹനത്തിൽ കടത്താനും,കൃഷിസ്ഥലത്തേക്ക് ആവശ്യത്തിന് വളം എത്തിക്കാനും കർഷകർക്ക് സാധിക്കും. ടൂറിസം രംഗത്തും മുന്നേറ്റമുണ്ടാകും.''
ഉണ്ണിക്കൃഷ്‌ണൻ (അയ്‌മനം പഞ്ചായത്തംഗം)