കോട്ടയം: അയർക്കുന്നം - ഏറ്റുമാനൂർ റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന് പത്ത് കോടി അനുവദിച്ചത് ആര് ? ജോസ് കെ മാണി എം.പിയും, സുരേഷ് കുറുപ്പ് എം.എൽ.എയും പിതൃത്വം അവകാശപ്പെട്ട് രംഗത്തെത്തിയതോടെ പൊതുജനങ്ങൾക്കും സംശയമായി. മന്ത്രി ജി.സുധാകരന് എം.എൽ.എമാരായ ഉമ്മൻചാണ്ടി, സുരേഷ് കുറുപ്പ് എന്നിവർ നൽകിയ കത്തുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് ഫണ്ട് അനുവദിച്ചെന്നാണ് ഒരുവാദം. എന്നാൽ തന്റെ ശ്രമഫലമായി കേന്ദ്ര റോഡ്‌ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചതെന്ന് ജോസ്‌ കെ.മാണി എം.പി മറുവാദം ഉന്നയിക്കുന്നു.

കോട്ടയം ലോക് സഭ മണ്ഡലത്തിനു കീഴിൽ വരുന്ന നിയമസഭാ മണ്ഡലങ്ങളിലെ വികസന ഫണ്ട് അനുവദിക്കുമ്പോൾ ഒരേ സമയം എം.പിയും എം.എൽ.എമാരും തങ്ങളുടെ നേട്ടമായി ചിത്രീകരിക്കുന്നതിന് പുറമേ ഫ്ലക്സ് ബോർഡുകളും മത്സരിച്ച് സ്ഥാപിക്കാറുണ്ട്. അവകാശവാദവുമായി ജനപ്രതിനിധികൾ രംഗത്തെത്തുമ്പോൾ റോഡ് പെട്ടെന്ന് യാഥാർത്ഥ്യമായാൽ മതിയെന്നാണ് നാട്ടുകാർക്കു പറയാനുള്ളത്. നാഷണൽ ഹൈവെ അതോറിറ്റി ഒഫ്‌ ഇന്ത്യയുടെ മേൽ നോട്ടത്തിലാണ്‌ നിർമ്മാണം. അയർക്കുന്നത്ത്‌ നിന്നു പുളിഞ്ചുവട്‌ - ആറുമാനൂർ- പട്ടർമഠം പാലം - കണ്ണംപുരയിടം- മാടപ്പാട്‌ - മേക്കുന്ന്‌ - ഊറ്റക്കുഴി- കോണിക്കൽപടി വഴി ഏറ്റുമാനൂരിൽ എത്തിച്ചേരുന്നതാണ് റോഡ്. എം.സി റോഡിലൂടെ വരുന്നവർക്ക്‌ ചങ്ങനാശേരി, കോട്ടയം നഗരങ്ങളിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കി യാത്രചെയ്യാനാവും. കെ.കെ. റോഡില്‍ നിന്നു മെഡിക്കല്‍ കോളേജിലേക്കും, കുട്ടികളുടെ ആശുപത്രി, എം.ജി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലേക്കുമുള്ള എളുപ്പമാർഗമാണിത്.