കോട്ടയം: മുക്കിനു മുക്കിനു വാഹന പരിശോധന നടക്കുന്ന ജില്ലയിലൂടെ എ.ടി.എം കൊള്ളക്കാർ വാഹനമോടിച്ചത് 35 കിലോമീറ്ററിലേറെ...ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിൽ മണിപ്പുഴയിൽ നിന്നു ആരംഭിച്ച കള്ളൻമാരുടെ പടയോട്ടം, ഒന്നര മണിക്കൂർ കൊണ്ട് കടന്നു പോയത് അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലൂടെയാണ്. ഹൈവേ പെട്രോളിംഗും, പിങ്ക് പൊലീസും തലങ്ങും വിലങ്ങും പെട്രോളിംഗ് സംഘവുമുള്ള എം.സി റോഡിലൂടെയായിരുന്നു കവർച്ചാസംഘത്തിന്റെ യാത്ര.
കഴിഞ്ഞ ദിവസം രാത്രി 11.45 ന് ചിങ്ങവനം പൊലീസ് സറ്റേഷൻ പരിധിയിൽ മണിപ്പുഴയിലെ റോഡരികിൽ നിന്നാണ് പിക്കപ്പ് വാൻ മോഷ്ടിച്ചത്. ഇവിടെ നിന്നു കോടിമത വഴിയാണ് വാഹനം വെമ്പള്ളിയിലേയ്ക്ക് പോയത്. വെമ്പള്ളിയിലെ ആദ്യ എ.ടി.എമ്മിൽ മോഷണം നടത്തും മുൻപ് ചിങ്ങവനം, കോട്ടയം വെസ്റ്റ്, ഗാന്ധിനഗർ,ഏറ്റുമാനൂർ,കുറവിലങ്ങാട് സ്റ്റേഷൻ പരിധിയിലൂടെ വാഹനം കടന്നു വന്നെങ്കിലും ഒരിടത്തും പരിശോധനയുണ്ടായിരുന്നില്ല. രാത്രികാലത്ത് ജില്ലയിൽ വാഹന പരിശോധന ശക്തമാണെന്നാണ് പൊലീസ് വാദം. പരിശോധനയുടെ ഭാഗമായി കാൽനടയാത്രക്കാരുടെ പോലും പേരും വിവരങ്ങളും ശേഖരിക്കാറുണ്ട്. ഡ്രൈവർമാരുടെ ചിത്രം പോലും പകർത്തണമെന്നാണ് ജില്ലാ പൊലീസ് മേധാവി നൽകിയിരിക്കുന്ന നിർദ്ദേശം. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതല്ലാതെ ഇതൊന്നും കുറ്റവാളികൾക്ക് യാതൊരു ശല്യവുമുണ്ടാക്കുന്നില്ലെന്നതാണ് എ.ടി.എം മോഷണ ശ്രമത്തിൽ നിന്നു വ്യക്തമാകുന്നത്.