കോട്ടയം: നൂറുകോടിയിലേറെ ജില്ലയിൽ നിക്ഷേപിച്ച വട്ടിപ്പലിശ രാജാവ് മഹാരാജ് അകത്തായതിനു പിന്നാലെ ജില്ലയിലെ അനധികൃത ബ്ലേഡ് ഇടപാടുകൾ മങ്ങലിൽ. മഹാരാജിനെ പൊലീസ് അറസ്റ്റ് ചെയ്‌തതോടെ പിരിവുകാർ പലരും ജില്ലയിലേയ്ക്ക് വരാതെയായി. ഇതിനു പിന്നാലെയാണ് വിവിധ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കിയത്. ബ്ലേഡ് ഇടപാടുകളിൽ ഏറെയും നടക്കുന്നത് ഏറ്റുമാനൂർ കേന്ദ്രീകരിച്ചായിരുന്നു. ഗുണ്ടാസംഘങ്ങളും ഇവിടെ സജീവമാണ്. തോളോട് തോൾ ചേർന്നാണ് ഇവരുടെ പ്രവർത്തനം. രണ്ട് വർഷം മുൻപാണ് ഏറ്റുമാനൂർ സ്വദേശി വഴി മഹാരാജ ഏറ്റുമാനൂരിലൂടെ ജില്ലയിലെമ്പാടും പണം ഒഴുക്കിയത്. നിക്ഷേപിച്ച പണം തിരികെ പിടിക്കാൻ മഹാരാജയുടെ അനുയായികൾ രംഗത്ത് എത്തിയതോടെയാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ കർശന പരിശോധനയ്ക്ക് നിർദ്ദേശം നൽകിയയത്.
കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ കാര്യമായ രേഖകളൊന്നും ലഭിക്കാത്തത് ഇടപാടുകൾ കുറഞ്ഞതിന്റെ സൂചനയാണെന്ന് പൊലീസ് പറയുന്നു. ഓപ്പറേഷൻ കുബേരയ്ക്കു ശേഷം പൊലീസ് പിൻവലിഞ്ഞതോടെ ബ്ലേഡ് ഇടപാടുകൾ സജീവമായിരുന്നു. ചിലയിടങ്ങളിൽ പൊലീസിന്റെ മൗനാനുവാദത്തോടെയായിരുന്നു പ്രവർത്തനം.
രജിസ്റ്റർ ചെയ്ത് 12 കേസ്
ജില്ലയിൽ 79 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. 12 കേസുകൾ രജിസ്റ്റർ ചെയ്‌തു. 9 പേർ അറസ്റ്റിലായി. രേഖകൾ ഇല്ലാത്ത 452000 രൂപയും 8 ആധാരങ്ങളും ഒപ്പിട്ട 81 ബ്ലാങ്ക് ചെക്കുകളും 41 മുദ്രപത്രങ്ങളും 24 വാഹനങ്ങളുടെ ആർ.സി രേഖകളും കണ്ടെത്തി.