വൈക്കം: വിശ്വാസത്തെ തെരുവിലേക്ക് വലിച്ചിഴക്കാൻ പ്രതിപക്ഷവും ബി.ജെ.പിയും നടത്തുന്ന പരിശ്രമങ്ങളെ ചെറുത്ത് പരാജയപ്പെടുത്താൻ കേരളത്തിലെ മതനിരപേക്ഷ മനസുകൾ തയ്യാറാകണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എ.ഐ.ടി.യു.സി കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇനിയൊരു വിമോചന സമരം എന്നത് മനപ്പായസമാണ്. കേരളീയ പൊതുസമൂഹം സംസ്ഥാനത്തെ പിന്നോട്ടു നയിക്കുന്നതിന് കൂട്ടു നിൽക്കില്ല. ശബരിമല യുവതീ പ്രവേശന വിധിയെ ആദ്യം സ്വാഗതം ചെയ്തത് ആർ.എസ്.എസും പിന്നീട് കോൺഗ്രസുമാണ്. സംസ്ഥാന സർക്കാറിനെ ആക്രമിക്കാനുള്ള ആയുധമാക്കി വിഷയത്തെ മാറ്റാൻ ഇരുകൂട്ടരും ശ്രമിക്കുകയാണെന്ന വസ്തുത പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സി.കെ.വിശ്വനാഥൻ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഒ.പി.എ സലാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജെ.ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, അസി.സെക്രട്ടറി ആർ.സുശീലൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.വി.ബി.ബിനു, ടി.ജെ. ആഞ്ചലോസ്, സി.പി.എെ സംസ്ഥാന കൗൺസിലംഗം ലീനമ്മ ഉദയകുമാർ, സി.കെ.ആശ എം.എൽ.എ, എ.ഐ.ടി.യു.സി വർക്കിംഗ് കമ്മിറ്റി അംഗം ടി.എൻ. രമേശൻ, അഡ്വ.വി.കെ.സന്തോഷ് കുമാർ, കെ.എസ്.രത്‌നാകരൻ, ബി.രാമചന്ദ്രൻ, ജോൺ വി.ജോസഫ്, കെ.ഡി.വിശ്വനാഥൻ, ഇ.ജി.സദാനന്ദൻ, കെ.അജിത്ത്, എം.ഡി.ബാബുരാജ് എന്നിവർ പ്രസംഗിച്ചു.