അയ്മനം: ഓവർ ഹെഡ് ടാങ്ക് നിർമ്മാണം വീണ്ടും പുനരാരംഭിച്ചതോടെ വർഷങ്ങളായുള്ള അയ്‌മനം നിവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു. രണ്ടുവർഷം മുൻപ് കരാറുകാരന് പാർട്ട് ബിൽ ലഭിക്കാത്തതിനെത്തുടർന്നാണ് നിർമ്മാണ ജോലികൾ നിറുത്തിവച്ചത്. പഞ്ചായത്ത് മന്ത്രി മാത്യു.ടി.തോമസിന് നിവേദനം നൽകിയതോടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് വഴി ഒരുങ്ങുകയായിരുന്നു. കുടമാളൂർ കരികുളങ്ങരയിൽ സ്ഥാപിച്ചിരിക്കുന്ന ടാങ്കിന് 9 ലക്ഷം ലിറ്ററാണ് സംഭരണശേഷി. 3 കോടി രൂപയാണ് നിർമ്മാണ ചെലവ്. ഓവർഹെഡ്ടാങ്ക് ഇല്ലാത്തതിനാൽ വാട്ടർഅതോറിറ്റി കണക്ഷനുള്ള ഗാർഹിക ഉപഭോക്താക്കൾക്കും ആഴ്‌ചയിലൊരിക്കലാണ് വെള്ളം ലഭിക്കുന്നത്. എല്ലാ പ്രദേശത്തും വെള്ളം എത്താറുമില്ല. രണ്ടായിരത്തോളം ഗുണഭോക്താക്കളാണ് പഞ്ചായത്തിലുള്ളത്.
കുടിവെള്ളക്ഷാമം രൂക്ഷമായ വരമ്പിനകം, കരീമഠം, വിരിപ്പുകാല, ചീപ്പുങ്കൽ എന്നിവിടങ്ങിലുള്ളവർക്ക് ടാങ്കർ വെള്ളമായിരുന്നു ആശ്രയം. പലർക്കും വെള്ളം വിലയ്ക്ക് വാങ്ങാനുള്ള ശേഷിയില്ല. ടാങ്ക് നിർമ്മാണം പൂർത്തിയായാൽ പഞ്ചായത്തിലെ 20 വാർഡുകളിലും കൃത്യമായി വെള്ളം എത്തും. ജലനിധിയുടെ പൈപ്പിടീലും അവസാനഘട്ടത്തിലാണ്.

 അയ്‌മനം കുടിവെള്ള പദ്ധതി നിലച്ചു

നിരവധിയാളുകൾക്ക് വെള്ളം ലഭിച്ചിരുന്ന അയ്‌മനം കുടിവെള്ള പദ്ധതി നിലച്ചിട്ട് മൂന്ന് വർഷമായി. പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെയാണ് പദ്ധതി നിറുത്തലാക്കാൻ അധികൃതർ തീരുമാനിച്ചത്. പൂന്ത്രക്കാവ്, കല്ലുമട തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് പദ്ധതി ആശ്രയമായിരുന്നു. പദ്ധതി വീണ്ടെടുക്കാൻ നടപടി വേണമെന്നാണാവശ്യം.

'' ടാങ്കിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ വാട്ടർഅതോറിറ്റി ഗുണഭോക്തക്കളായവർക്കും, ജലനിധി പദ്ധതിയിൽ ഉൾപ്പെട്ടവർക്കും കൃത്യമായി വെള്ളം ലഭിക്കും. ''
ജയൻ (അയ്‌മനം പഞ്ചായത്തംഗം)