കോട്ടയം: ജില്ലയിലെ അനധികൃത അറവുശാലകൾ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് തദ്ദേശസ്ഥാപനങ്ങൾ നടപ്പാക്കിത്തുടങ്ങി. 270 ലേറെ അനധികൃത അറവുശാലകളുണ്ടെന്നാണ് കണക്ക്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കോട്ടയം നഗരസഭ പരിധിയിലെ 29 അനധികൃത അറവുശാലകളാണ് ആദ്യം അടച്ചുപൂട്ടിയത്. ഈ ആഴ്‌ചയോടെ ബാക്കിയുള്ളവയ്ക്കും പൂട്ടുവീഴും.
അനധികൃത അറവുശാലകളിൽ നിന്നു മാസം വില്ക്കുന്നത് സംബന്ധിച്ചു നേരത്തെ വ്യാപകപരാതി ഉയർന്നതിനെ തുടർന്ന് ചില സ്വകാര്യ വ്യക്തികളാണ് ഹൈക്കോടതിയെ സമീപിച്ചത്. അറവുശാലകളിൽ പരിശോധന നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നേരത്തെ ഹൈക്കോടതി തദ്ദേശസ്ഥാപനങ്ങൾക്കു നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടച്ചു പൂട്ടാൻ നിർദ്ദേശം നൽകിയത്.
കണ്ടെത്തലുകൾ ഇങ്ങനെ
മാലിന്യ സംസ്കരണത്തിന് മാർഗമില്ല
പരസ്യമായി കെട്ടിത്തൂക്കി വില്പന
മാടുകളെ തുറസായ സ്ഥലത്ത് കശാപ്പ് ചെയ്യുന്നു
പരിശോധന നടത്താതെ ഇറച്ചി വില്ക്കുന്നു
വേണ്ടത് ഇങ്ങനെ
കശാപ്പ് ചെയ്യുന്ന മാടുകളെ മൃഗഡോക്‌ടറോ, തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോ പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പാക്കണമെന്നാണ് ചട്ടം. എന്നാൽ ഇത് പാലിക്കാറില്ല. പഴകിയ മാംസത്തിനു പുതുമ തോന്നാൻ രക്തത്തിൽ മുക്കി വില്ക്കുന്നതായും പരാതിയുണ്ട്.