കോട്ടയം: ജില്ലയിൽ നടന്ന എ.ടി.എം കവർച്ചാ ശ്രമങ്ങളുടെ പശ്‌ചാത്തലത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കാൻ ജില്ലാ പൊലീസ് മേധാവി എസ്.ഹരിശങ്കറുടെ നിർദ്ദേശം. ഇതിന്റെ ഭാഗമായി ഇന്നലെ പന്ത്രണ്ടായിരത്തിലേറെ ആളുകളുടെ വിവരങ്ങൾ ശേഖരിച്ചു. ഞായറാഴ്‌ചകളിൽ ഇവരുടെ തിരക്ക് വർദ്ധിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഒരു പൊലീസ് സ്റ്റേഷനിൽ നിന്നുള്ള രണ്ട് സംഘങ്ങൾ വീതമാണ് പരിശോധന നടത്തിയത്. പേരും വിവരവും, ഫോൺ നമ്പരും അടക്കമുള്ളവ ശേഖരിച്ചു. കോട്ടയം, ചങ്ങനാശേരി, പാലാ, വൈക്കം, തലയോലപ്പറമ്പ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. സിനിമാ തിയേറ്ററുകൾ, എ.ടി.എം - സി.ഡി.എം കൗണ്ടറുകൾ എന്നിവയ്ക്കു മുന്നിലും പൊലീസ് സാന്നിദ്ധ്യമുണ്ടായിരുന്നു. പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന തൊഴിലാളികളുടെ പേരും ഇന്നലെ ശേഖരിച്ച വിവരങ്ങളും തമ്മിൽ പരിശോധിക്കും. സംശയം തോന്നുന്നവരെ നിരീക്ഷിക്കും. അടുത്ത ദിവസം ക്യാമ്പുകളിൽ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.

റസിഡന്റ്സ് അസോസിയേഷന്റെ
സഹായം തേടി പൊലീസ്

മോഷണംപെരുകുന്ന സാഹചര്യത്തിൽ രാത്രികാല പെട്രോളിംഗിന് റസിഡന്റ്സ് അസോസിയേഷനുകളുടെ സഹായം തേടി പൊലീസ്. റസിഡന്റ്സ് അസോസിയേഷൻ ജില്ലാതല ഉപദേശകസമിതി യോഗത്തിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറാണ് നിർദ്ദേശം മുന്നോട്ടുവച്ചത്. അസോസിയേഷൻ മുൻകൈ എടുത്ത് വ്യപാരസ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രധാന സ്ഥലങ്ങളിൽ സി.സി.ടി.വി കാമറ സ്ഥാപിച്ചാൽ മാലിന്യംതള്ളലും മോഷണവും ഒരുപരിധി വരെ തടയാനാവുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നുമാസത്തിലൊരിക്കൽ ജില്ലാതല യോഗം ചേരുന്നതിനും എല്ലാ മാസവും സർക്കിൾതല യോഗം ചേരുന്നതിനും തീരുമാനമായി. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർ ഡിവൈ.എസ്.പി വിനോദ് പിള്ള, സബ് ഡിവിഷൻ ചുമതലയുള്ള ഡിവൈ.എസ്.പി മാർ, വിവിധ റസിഡന്റ്സ് അസോസിയേഷനുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 46 അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.