കോട്ടയം: ഇ-മെയിൽ വിവാദത്തെ തുടർന്ന് നടക്കാതെ പോയ പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് 25 ന് നടക്കും. കോൺഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ തുടർന്ന് ആഗസ്റ്റ് 30 നാണ് സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയ്‌ക്ക് പഞ്ചായത്ത് ഭരണം നഷ്‌ടമായത്. പിന്നീട്, സെപ്തംബർ 22 ന് തിരഞ്ഞെടുപ്പ് നടത്താൻ കമ്മിഷൻ വിജ്ഞാപനം ഇറക്കിയെങ്കിലും വരണാധികാരിക്ക് ഇ-മെയിൽ അറിയിപ്പ് ലഭിക്കാത്തതിനാൽ തിരഞ്ഞെടുപ്പ് മുടങ്ങുകയായിരുന്നു. ഇതിനെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് റോയി മാത്യു തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കളക്ടർക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വരണാധികാരിയായ ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടർ തോമസുകുട്ടി, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്‌ടർ എന്നിവരെ കമ്മിഷൻ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ രണ്ട് വിമത ബി.ജെ.പി അംഗങ്ങൾ പിന്തുണച്ചിരുന്നു. സി.പി.എം അംഗമായിരുന്ന പ്രസിഡന്റ് ഇ.ആർ സുനിൽകുമാറിനും, സി.പി.ഐ അംഗമായിരുന്ന വൈസ് പ്രസിഡൻ്റ് അനിലാ വിജുവിനുമാണ് സ്ഥാനം നഷ്‌ടമായത്.