കോട്ടയം: വഴിയോരങ്ങളിൽ ഇനി മാലിന്യം തള്ളി കടന്നു കളയാമെന്ന് ആരും വ്യാമോഹിക്കേണ്ട. കെണിയൊരുക്കി മൊബൈൽ ആപ്പ് കാത്തിരിപ്പുണ്ട്. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായിട്ടാണ് ' LETS CLEAN KOTTAYAM ' എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷന് രൂപം നൽകിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കമിടുന്നത്. പൊതുജനങ്ങൾക്ക് മാലിന്യം വലിച്ചെറിയുന്നവരുടെ ചിത്രങ്ങൾ സഹിതം ആപ്പിലൂടെ കൈമാറി പരാതി രജിസ്റ്റർ ചെയ്യാം. കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സയൻസാണ് ആപ്ലിക്കേഷന് രൂപം നൽകിയിരിക്കുന്നത്. നദീപുനർസംയോജന പദ്ധതിയുടെ ഭാഗമായി ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നിരവധി ജലാശയങ്ങൾ ശുചീകരിച്ചെങ്കിലും മാലിന്യംതള്ളൽ വീണ്ടും വ്യാപകമായിരുന്നു. മൊബൈൽ ആപ്പ് വന്നതോടെ ഇത്തരക്കാരെ കുടുക്കുന്നതിനൊപ്പം നദീ പുനർസംയോജന പദ്ധതി മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
പദ്ധതി ഇങ്ങനെ
ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നു ' LETS CLEAN KOTTAYAM ' ആപ്പ് ഡൗൺലോഡ് ചെയ്യുക. തുടർന്ന് യുസർ നൈമും, മൊബൈൽ നമ്പറും അടിച്ച് ലോഗിൻ ചെയ്‌ത ശേഷം മാലിന്യംതള്ളുന്ന ചിത്രങ്ങൾ സഹിതം പരാതി രജിസ്റ്റർ ചെയ്യാം. നദികളിൽ മാത്രമല്ല, ഓടകൾ, പൊതുസ്ഥലങ്ങൾ തുടങ്ങി മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും കൈമാറാം. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുമായി ആപ്ലിക്കേഷൻ ബന്ധിപ്പിക്കും. പരാതി കിട്ടിയാൽ അതാത് പ്രദേശത്തെ പൊലീസിന് മാലിന്യം എറിയുന്നവരെ കണ്ടെത്തി തുടർനടപടി സ്വീകരിക്കാം.
''മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയെങ്കിലും പൊലീസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന ജോലികൾ ഇനി ബാക്കിയുണ്ട്. ഇത് പൂർത്തിയായായാൽ മാലിന്യ സംസ്‌കരണത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കഴിയും. ''
അഡ്വ.കെ.അനിൽ കുമാർ (പദ്ധതി കോർഡിനേറ്റർ)