pola

ജലഗതാഗതത്തിനും മത്സ്യബന്ധനത്തിനും ഭീഷണി

വൈക്കം: വേമ്പനാട്ടുകായലിൽ പോളപായലും പുല്ലും നിറഞ്ഞത് ജലഗതാഗതത്തിനും മത്സ്യബന്ധനത്തിനും ഭീഷണിയാകുന്നു. പോള കുന്നുകൂടിയതോടെ ബോട്ടുകളും ജങ്കാറുകളും തകരാറിലാകുന്നതും പതിവായി. ഇതോടെ യാത്രാബോട്ടുകളുടെ സമയക്രമവും താളംതെറ്റി. പോളശല്യം മൂലം മത്സ്യത്തൊഴിലാളികളാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. പോള കുരുങ്ങുന്നത് മൂലം മത്സ്യബന്ധനവലകൾ നശിക്കുകയാണ്. പ്രളയത്തെ തുടർന്ന് പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കായലിൽ കുന്നുകൂടിയിരുന്നു. ഇതിനൊപ്പമാണ് ഇപ്പോൾ പോളശല്യം പ്രതിസന്ധി തീർക്കുന്നത്. ചെറുവള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവരും കക്കാവാരൽ തൊഴിലാളികളും തൊഴിലിൽ നിന്ന് പിൻമാറേണ്ട അവസ്ഥയാണ്.

പദ്ധതികൾ പരണത്ത്

കായലിൽ നിറയുന്ന പോള നീക്കുന്നതിന് സർക്കാർ മുൻകാലങ്ങളിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒന്നും പോലും നടപ്പാക്കിയില്ല. പോളയ്ക്കൊപ്പം പ്ലാസ്റ്റിക് അടക്കമുള്ള മറ്റു മാലിന്യങ്ങളും അടിഞ്ഞത് കായലിലെ മത്സ്യസമ്പത്തിന് തന്നെ ഭീഷണിയായി മാറും.