വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ പുള്ളി സന്ധ്യവേല ആരംഭിച്ചു.
രാവിലെ നടന്ന ശ്രീബലിക്ക് ഗജരാജൻ തിരുനക്കര ശിവൻ മഹാദേവരുടെ തിടമ്പേറ്റി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി , കിഴക്കിനിയേടത്ത് മേക്കാട് നാരായണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ശുദ്ധിക്രിയകളും ശതകലശവും പന്തീരടി പൂജയും നടത്തിയ ശേഷമാണ് വൈക്കത്തപ്പനെ പുറത്തേക്ക് എഴുന്നള്ളിച്ചത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ ശ്രീപ്രസാദ് നായർ ചടങ്ങിന് നേതൃത്വം നല്കി. രാവിലെയും വൈകിട്ടും ശ്രീബലി, മണ്ഡപത്തിൽ വാരമിരിക്കൽ, അഭിഷേകങ്ങൾ, പ്രാതൽ എന്നിവയാണ് സന്ധ്യവേലയുടെ ചടങ്ങുകൾ. പുള്ളി സന്ധ്യ വേല 17,19,21 തിയതികളിലാണ് തുടർന്ന് നടക്കുക.
മാർത്താണ്ഡവർമ്മ മഹാരാജാവ് ചേർത്തല, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങൾ യുദ്ധം ചെയത് കീഴടക്കിയപ്പോൾ ആ യുദ്ധത്തിൽ മരണമടഞ്ഞ പടയാളികളുടെ കുടിശിക ശമ്പളത്തിന്റെ പലിശ കൊണ്ടാണ് പുള്ളി സന്ധ്യവേല നടത്തിയിരുന്നത് ' ഇപ്പോൾ ദേവസ്വം ബോർഡിന്റെ അടിയന്തരമായി നടന്നുവരുന്നു. പുള്ളി സന്ധ്യ വേലയ്ക്ക് ശേഷം മുഖ സന്ധ്യവേലയുടെ കോപ്പു തൂക്കൽ 22 ന് നടക്കും. മുഖസന്ധ്യവേല ഒക്ടോബർ 24 മുതൽ 27 വരെയാണ്. സമൂഹ സന്ധ്യവേല നവംബർ 13ന് ആരംഭിക്കും
വൈക്കത്തഷ്ടമിക്ക് നവംബർ 19നാണ് കൊടി കൊടികയറുക. നവംബർ 30ന് വൈക്കത്തഷ്ടമി. ഡിസംബർ 1ന് ആറാട്ടോടെ ഉത്സവം സമാപിക്കും.