കോട്ടയം: പള്ളിക്കത്തോട് സ്വകാര്യബസ് അടിച്ചുതകർത്ത് ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പൂവത്തിളപ്പ് സ്വദേശികളായ സുമേഷ്, ജോമോൻ, രഞ്ജു, വിനീത്, ശരത് എന്നിവരെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മൂന്നുപേർക്കായി തെരച്ചിൽ ഊർജിതമാക്കിയതായി എസ്.ഐ മഹേഷ്‌കുമാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് പാലാ - കൊടുങ്ങൂർ റൂട്ടിൽ ഇന്നലെ സ്വകാര്യ ബസുകൾ പണിമുടക്കിയത് യാത്രക്കാരെ വലച്ചു.
ഞായറാഴ്ച രാത്രി 8.30ന് പൂവത്തിളപ്പിൽ വച്ചാണ് ഒരുസംഘം പാലാ - കൊടുങ്ങൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഗരുഡ ബസിന്റെ ചില്ല് അടിച്ചുതകർത്ത് ഡ്രൈവർ ബിജോയെയും കണ്ടക്ടറെയും മർദ്ദിച്ചവശരാക്കിയത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അവസാനട്രിപ്പ് പൂർത്തിയാക്കുന്നതിനിടെ സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ആളെ ഇറക്കുന്നത് സംബന്ധിച്ച തർക്കമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ബസ് ഉടമയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഓൾ കേരളാ ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സീനിയർ സെക്രട്ടറി ജോയി ചെട്ടിശേരി ആവശ്യപ്പെട്ടു.