കോട്ടയം: റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന മൗനം അഴിമതി നടത്തിയെന്നുള്ളതിന്റെ സമ്മതമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി എം.എൽ.എ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി കോട്ടയത്ത് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സംശയമുണ്ടായിട്ടും ഒരു വിശദീകരണവും നല്കാൻ മോദി ഇതുവരെ തയ്യാറാകാത്തത് പ്രശ്നത്തിന്റെ ഗൗരവം പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു. രാജ്യത്തിനു വൻ സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന ഇടപാട് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്. പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി സ്വകാര്യ കമ്പനിയ്ക്ക് വേണ്ടിയെടുത്ത നിലപാട് മാപ്പർഹിക്കാത്ത അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് കെ.സി.അബു മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, കുര്യൻ ജോയി, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, പി.എ. സലിം, ജോസി സെബാസ്റ്റ്യൻ, നാട്ടകം സുരേഷ്, പി.എസ്.രഘുറാം,യൂജിൻ തോമസ്സ് ,ജി.ഗോപകുമാർ, എം.പി സന്തോഷ് കുമാർ, നഗരസഭാദ്ധ്യക്ഷ ഡോ.പി.ആർ.സോന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസിമോൾ മനോജ്, രാധാ വി.നായർ, സണ്ണി കലൂർ, സുധാ കുര്യൻ, ഫിൽസൺമാത്യൂസ്, വി.വി.സത്യൻ, മോഹൻ.കെ.നായർ എന്നിവർ പ്രസംഗിച്ചു.