jail

കോട്ടയം: നാട്ടുകാരുടെ കൂക്കുവിളിയുടെ അകമ്പടിയിൽ ജയിലിൽ പ്രവേശിച്ച ബിഷപ്പ് ഫ്രാങ്കോ തിരികെയിറങ്ങുമ്പോൾ രാജകീയ വരവേല്പ് നൽകാൻ മുല്ലപ്പൂമാലയുമായി അനുയായികൾ കാത്തുനിന്നെങ്കിലും നിരാശരായി. ജാമ്യ ഉത്തരവ് പാലാ കോടതിയിൽ ഹാജരാക്കി അനുവാദം വാങ്ങാൻ വൈകിയതിനാൽ ഇന്നലെ രാത്രിയും ഫ്രാങ്കോയ്ക്ക് ജയിലിൽ കഴിയേണ്ടി വന്നു. ഇന്ന് രാവിലെ 11ഓടെ ഉത്തരവ് ഹാജരാക്കിയ ശേഷമേ പുറത്തിറങ്ങാനാകൂ.

ഇന്നലെ രാവിലെ ഹൈക്കോടതി ജാമ്യം അനുവദിച്ചെന്നറിഞ്ഞതോടെ പാലാ സബ്‌ജയിലിന് മുന്നിൽ തിരക്കായിരുന്നു. തൊട്ടടുത്ത സിവിൽ സ്റ്റേഷൻ കെട്ടിടത്തിന് മുകളിൽ ജീവനക്കാരും ബിഷപ്പിനെ കാണാൻ കൂടിനിന്നു. ജലന്ധറിൽ നിന്നുള്ള പുരോഹിതൻമാരും എത്തിയിരുന്നു. ബിഷപ്പിനെ മാലയണിയിച്ച് എടുത്തുയർത്തി ആനയിച്ച് കൊണ്ടുപോകാനായിരുന്നു അനുയായികളുടെ പദ്ധതി. പക്ഷേ, ഹൈക്കോടതി ഉത്തരവ് വൈകിട്ട് അഞ്ചിന് മുൻപ് പാലാ ഫസ്റ്റ് ക്ളാസ് കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞില്ല. ഹൈക്കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉത്തരവും ജാമ്യക്കാരുമായി പ്രതിഭാഗമെത്തിയപ്പോഴേക്കും പാലാ കോടതി നടപടികൾ അവസാനിപ്പിച്ചിരുന്നു. ജാമ്യം ലഭിച്ചെന്ന് ജയിൽ ജീവനക്കാർ അറിയിച്ചപ്പോൾ പതിവ് ചിരിയായിരുന്നു ഫ്രാങ്കോയുടെ മറുപടി.