കോട്ടയം: ഉത്തരേന്ത്യ മുഴുവൻ നവരാത്രി പ്രഭയിൽ മുങ്ങിയതോടെ ജില്ലയിലെ ടൂറിസം മേഖലയും ഉണർന്നു. പ്രളയത്തോടെ നാമാവശേഷമായ ടൂറിസംമേഖല ഉത്തരേന്ത്യൻ വിനോദസഞ്ചാരികളുടെ വരവിൽ സമ്പന്നമാകുകയാണ്. കുമരകം, വാഗമൺ, പാഞ്ചാലിമേട് അടക്കമുള്ള ജില്ലയിലെ ടൂറിസം മേഖലകൾ സജീവമായി. ട്രാവൽമാർട്ടിന് ശേഷമുണ്ടായ ഉണർവാണ് പ്രളയശേഷം കൈത്താങ്ങായത്. ട്രാവൽമാർട്ടിൽ നവരാത്രിയോടനുബന്ധിച്ച് ജില്ലയിലെ ടൂർ ഓപ്പറേറ്റർമാർക്ക് ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. കുമരകത്തിന്റെ കായൽ സൗന്ദര്യവും കിഴക്കിന്റെ പച്ചപ്പും ഇഷ്ടപ്പെടുന്ന സഞ്ചാരികൾ പൂജവയ്പ്പ് ദിവസങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷത്തെ അത്രയുമില്ലെങ്കിലും ബുക്കിംഗുകൾ ശുഭസൂചനയായാണ് ഹൗസ് ബോട്ടുടമകൾ കാണുന്നത്. മൂന്ന് മാസത്തോളമായി ജില്ലയിലെ ടൂറിസം മേഖല നിശ്ചലമായിരുന്നു. ഹൗസ് ബോട്ടുകളാവട്ടെ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുകയായിരുന്നു.
മൊട്ടക്കുന്നുകളുമായി വാഗമൺ
എറണാകുളത്ത് നിന്ന് തേക്കടി-വാഗമൺ വഴി കുമരകത്തെത്തി ഹൗസ് ബോട്ട് യാത്ര ചെയ്ത് മടങ്ങുന്ന പാക്കേജ് ടൂറിനാണ് ഇക്കുറി ബുക്കിംഗ് ഏറ്റവും കൂടുതൽ. മൊട്ടക്കുന്നുകളും പൈൻ കാടുകളും തേയിലത്തോട്ടങ്ങളുമാണ് പ്രധാന ആകർഷണം. അതേസമയം വാഗമൺ റൂട്ടിലെ റോഡുകളിൽ ഉടനീളം വൻ ഗർത്തങ്ങളാണ്. ഇടമുറിഞ്ഞ് മഴയുമുള്ളതിനാൽ ഗട്ടറിൽ വെള്ളം നിറഞ്ഞ് യാത്ര ബുദ്ധിമുട്ടാണ്.
സുന്ദരിയായി പാഞ്ചാലി മേട്
ടൂറിസം പ്രമോഷൻ കൗൺസിൽ 60 ലക്ഷം രൂപ മുടക്കി പാഞ്ചാലിമേടിനെ ആകർഷകമാക്കി. വലിയ കമാനം, തൂണുകളാൽ നിർമിതമായ വിവിധ ശിൽപ്പങ്ങൾ, മലമുകളിൽ വിശ്രമിക്കാൻ കസേരകൾ, കയറി നിൽക്കാൻകൽക്കെട്ടുകൾ എന്നിവയുണ്ട്.
' നവരാത്രിയോടെ ടൂറിസം മേഖല പൂർണമായും ഉണരും. ബുക്കിംഗുകൾ തുടങ്ങിയത് നല്ല ലക്ഷണമാണ്. വിദേശികളും വടക്കേ ഇന്ത്യക്കാരും കൂട്ടത്തോടെ എത്തുമെന്നാണ് പ്രതീക്ഷ
- ഷനോജ്, ഹൗസ് ബോട്ടുടമ
' പ്രതീക്ഷയിലാണ് കുമരകം. ബുക്കിംഗുകൾ നല്ല ലക്ഷണമാണ്. പൂജാദിവസങ്ങളിൽ ടൂറിസ്റ്റുകളുടെ തിരക്കാകും''
- ഷനോജ്, ഹൗസ് ബോട്ടുടമ