കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ വൈദ്യുതി പ്രശ്‌നങ്ങൾക്ക് പരിഹാരവുമായി വൈദ്യുതി വകുപ്പിന്റെ പദ്ധതി.മുണ്ടക്കയം സബ് സ്റ്റേഷന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ജോലികൾ പൂർത്തിയാകുന്നതോടെ പദ്ധതിയുടെ പ്രയോജനം പതിനായിരക്കണക്കിനാളുകൾക്ക് ലഭിക്കും. കോട്ടയം പള്ളം 220 കെവി വൈദ്യുതി സബ് സ്റ്റേഷനിൽ നിന്നും കാഞ്ഞിരപ്പള്ളി, എരുമേലി വൈദ്യുതി സബ് സ്റ്റേഷനുകളിൽ 110 കെ.വി. അളവിൽ നിലവിൽ വൈദ്യുതി എത്തിച്ചു വരുകയാണ്.നിലവിലുള്ള മുണ്ടക്കയം 66 കെ വി സബ് സ്റ്റേഷന്റെ ശേഷി 110 ആക്കുന്നതിനുള്ള ജോലികളാണ് പുരോഗമിക്കുന്നത്. ഇതിനായി 29 ഡബിൾ സർക്യൂട്ട് ടവറുകൾ സ്ഥാപിച്ചു . ഒരു കിലോമീറ്റർ ലൈനിന്റെ പണികൾ പുരോഗമിക്കുകയാണ്. 70ടൺ ഭാരം വരുന്ന രണ്ട് 50എം. വി. ട്രാൻസ്‌ഫോർമറുകൾ സ്ഥാപിച്ചു. മുണ്ടക്കയം സബ് സ്റ്റേഷന്റെ ശേഷി 11 കെ.വി. ആക്കുന്നതോടെ പെരുവന്താനം, പാറത്തോട് സെക്ഷൻ ഓഫീസുകളുടെ പരിധിയിലും കോരുത്തോട് പഞ്ചായത്തിന്റെ വിവിധ മേഖലകളിലും കാലങ്ങളായി അനുഭവപ്പെടുന്ന വൈദ്യുതി തകരാറുകൾക്കും പരിഹാരമാകും. മുണ്ടക്കയം പീരുമേട് 11 കെ.വി. ലൈനുകളുടേയും കൊച്ചു പമ്പ, ശബരിമല ത്രിവേണി എന്നീ 66 കെ. വി. സബ് സ്റ്റേഷനുകളുടേയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. കാലാവസ്ഥ അനുകൂലമായാൽ അടുത്ത ശബരിമല സീസണു മുമ്പ് പദ്ധതി പൂർത്തിയാകും.