വൈക്കം: ജുവലറിയുടെ പരസ്യചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് അഭിനേത്രിയുടെ പണവും ഫോണും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. കോതമംഗലം ചേന്നാട് പോക്കയിൽ വീട്ടിൽ ഷാജി എൽദോ (45)നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡിലെ എഎസ്‌ഐമാരായ കെ.നാസർ, പി.കെ.ജോളി, എം.എൽ വിജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. വൈക്കം കിഴക്കേനടയിൽ വാടകയ്ക്ക് താമസിക്കുന്ന ശിവതീർഥത്തിൽ ഷീല നായർ ( 56 ) ന്റെ വീട്ടിൽ നിന്ന് 16000 രൂപയും എണ്ണായിരം രുപയുടെ മൊബൈൽ ഫോണും അപഹരിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ മാസം 25ന് ഷീലയുടെ വീട്ടിലെത്തിയ യുവാവ് പരസ്യചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് അറിയിക്കുകയായിരുന്നു. കുടിക്കാൻ വെള്ളം അവശ്യപ്പെട്ടപ്പോൾ അതെടുക്കാൻ ഷീല അകത്തേക്കു പോയ സമയത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കുകയായിരുന്നു. തുടർന്ന് മുറിയിലുണ്ടായിരുന്ന മൊബൈൽ ഫോണും ഇയാൾ കൈക്കലാക്കി. ഷീല നായർ മുമ്പ് ടി.വി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ഇയാൾ തിരുവനന്തപുരത്തുള്ള ഒരു സീരിയൽ നടിയേയും അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് വിളിച്ചിരുന്നു. പൊലീസ് ആ സീരിയൽ നടിയെക്കൊണ്ട് ഷാജിയെ ഫോണിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റു ചെയ്തത്. ഷാജി നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമൻഡ് ചെയ്തു.