കോട്ടയം: ചൈനയിലെ ഷാങ്ഹായിൽ ലോക നാടകോത്സവം നടക്കുമ്പോൾ നിറഞ്ഞ മനസോടെ ആർട്ടിസ്റ്റ് സുജാതൻ വേദിക്കരികിലുണ്ടാകും. ഇന്ത്യയുടെ നാടകത്തിന് രംഗപടമൊരുക്കാനെത്തുന്നത് സുജാതനാണ്. അതിനായി സുജാതനും സംഘവും ഇന്ന് ചൈനയിലേക്ക് തിരിക്കും.'ദ കാബിനറ്റ് ഒഫ് ഡോക്ടർ കാലിഗിരി 'യാണ് ഡ്രാമാഫെസ്റ്റിലെ ഇന്ത്യൻ എൻട്രി. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം നാടകരൂപമാക്കിയ മലയാളി ദീപൻ ശിവരാമനാണ് സംവിധായകൻ.

44 അടി നീളവും 22 അടി വീതിയും ഉണ്ടാവും ഇരുമ്പിൽ തീർക്കുന്ന സെറ്റിന്. നാടകവേദിയിലെ പ്രശസ്തനായ ഈ രംഗശില്പി ബ്രഷോ ചായക്കൂട്ടോ ഒന്നും കരുതാതെയാണ് ചൈനയിലേക്ക് വിമാനം കയറുന്നത്. ''ഷാങ്ഹായിലെത്തി രംഗപടമൊരുക്കാൻ ആവശ്യമായ സാധനങ്ങൾ സംഘടിപ്പിക്കണം. വർക്ക് ഷോപ്പിൽ വച്ച് സെറ്റ് തയ്യാറാക്കേണ്ടി വന്നേക്കാം. നാടകരംഗത്തെത്തിയിട്ട് അരനൂറ്റാണ്ടിലേറെയായി. കാലം മാറുമ്പോൾ നമ്മളും മാറേണ്ടേ'' സുജാതൻ താടി ഉഴിഞ്ഞു ചിരിക്കുന്നു. തൃശൂർ ദേശീയ നാടകോത്സവത്തിലും 'ദ കാബിനറ്റ് ഒഫ് ഡോക്ടർ കാലിഗിരി ' പ്രദർശിപ്പിച്ചിരുന്നു. ബംഗളൂരുവിലും അഞ്ച് ഷോയുണ്ടായിരുന്നു. ഷാങ്ഹായിൽ 24ന് നാലു ഷോയാണുള്ളത്. ഒരു വർഷം നൂറിലേറെ നാടകങ്ങൾക്ക് സുജാതൻ സെറ്റൊരുക്കിയിട്ടുണ്ട്. കുവൈറ്റിൽ മലയാളി അസോസിയേഷനുകൾ നടത്തിയ ഷേക്സ്പിയറുടെ 'ഒഥല്ലോ ' നാടകത്തിന് 140 അടി സ്റ്റേജ് ഒരുക്കിയിരുന്നു.