കോട്ടയം: ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാനായി രാവിലെ കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയതാണ് വടവാതൂർ സ്വദേശി രാജേഷ്. പക്ഷേ, ഒറ്റ ബസും സർവീസ് നടത്തുന്നില്ല. കാര്യം അന്വേഷിച്ചപ്പോഴാണ് പണിമുടക്കാണെന്ന വിവരം അറിയുന്നത്. കെ.എസ്.ആർ.ടി.സി റിസർവേഷൻ കൗണ്ടറുകളിൽ കുടുംബശ്രീ പ്രവർത്തകരെ നിയമിക്കുന്നതിനെതിരെ വിവിധ സംഘടനകൾ നടത്തിയ മിന്നൽ പണിമുടക്കിൽ നൂറ് കണക്കിന് യാത്രക്കാരാണ് വലഞ്ഞത്.
ഇന്നലെ രാവിലെ 8 മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ജോലിക്കാർ,വിദ്യാർത്ഥികൾ,വിദേശ ടൂറിസ്റ്റുകൾ അടക്കമുള്ളവർ മണിക്കൂറുകളോളം സ്റ്റാൻഡിൽ കുടുങ്ങി. കോട്ടയം ഡിപ്പോയിലെ ബസുകൾ രാവിലെ തന്നെ സ്‌റ്റാൻഡിനുള്ളിൽ പാർക്ക് ചെയ്യുകയും മറ്റ് ഡിപ്പോകളിൽ നിന്നു വന്നവ സ്റ്റാൻഡിനുള്ളിൽ കയറാതെയും പ്രതിഷേധിച്ചു. ബസുകൾ റോഡിൽ നിറുത്തിയതോടെ ഗതാഗതതടസവും അനുഭവപ്പെട്ടു. ദീർഘദൂര യാത്രക്കാരാണ് ശരിക്കും പെട്ടുപോയത്. ഓട്ടോറിക്ഷയെയും സ്വകാര്യ ബസുകളെയും ഒരു വിഭാഗം ആളുകൾ ആശ്രയിച്ചപ്പോൾ സ്വകാര്യവത്കരിച്ച റൂട്ടുകളായ ആലപ്പുഴ, കൈനടി, കാവാലം മേഖലകളിലേയ്ക്കുള്ള യാത്രക്കാർ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ടവർ നാല് മണിക്കൂറോളം സ്റ്റാൻഡിൽ കുടുങ്ങി. ഇതിനിടയിൽ അപ്രതീക്ഷിതമായി പെയ്ത മഴ യാത്രക്കാർക്ക് ഇരട്ടി ദുരിതമായി. മറ്റ് ഡിപ്പോയിൽ നിന്ന് എത്തിയ ബസുകൾ സ്റ്റാൻഡിനുള്ളിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസും സമരക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഉച്ചയ്‌ക്ക് 12 ഓടെയാണ് സമരം അവസാനിപ്പിച്ചത്.
വെട്ടിക്കുറച്ചത് 15 സർവീസുകൾ
തെങ്കാശി-കോയമ്പത്തൂർ ഉൾപ്പടെ 15 സർവീസുകൾ വെട്ടിക്കുറച്ചു. ഇതുവഴി ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
ഓട്ടോക്കാർക്ക് ചാകര
നഗരത്തിലെ ഓട്ടോറിക്ഷക്കാർക്കു ഇന്നലെ ഉച്ചവരെ ചാകരയായിരുന്നു. ഹൈറേഞ്ച് ഭാഗങ്ങളിലേക്കും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്കും സ്വകാര്യ ബസുകൾ സർവീസ് ഉണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തിയവർക്ക് പ്രൈവറ്റ് സ്റ്റാൻഡുകളിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകാൻ ഓട്ടോയായിരുന്നു ആശ്രയം.