കോട്ടയം: മൂന്ന് ജില്ലകളിൽ എ.ടി.എം കൊള്ള നടത്തിയ സംഘം എത്തിയത് രണ്ട് വാഹനങ്ങളിലായെന്ന് സൂചന. മണിപ്പുഴയിൽ നിന്നു മോഷ്‌ടിച്ചത് കൂടാതെ മറ്റൊരു വാഹനവും പ്രതികളുടെ പക്കലുണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. മണിപ്പുഴയിൽ നിന്നു വാഹനം മോഷ്‌ടിക്കുമ്പോൾ എട്ടു ലിറ്റർ ഡീസലാണ് ടാങ്കിലുണ്ടായിരുന്നത്. എന്നാൽ, ചാലക്കുടിയിൽ ഉപേക്ഷിക്കപ്പെട്ടപ്പോൾ വാഹനത്തിനുള്ളിൽ അരടാങ്ക് ഡീസലുണ്ടായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് കോടിമത മുതൽ പെരുമ്പാവൂർ വരെയുള്ള പെട്രോൾ പമ്പുകളിൽ പരിശോധന നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് വാഹനം ഉപേക്ഷിച്ചതെന്നാണ് സംശയം. രക്ഷപ്പെടാനായി പ്രത്യേക വാഹനങ്ങൾ എത്തിച്ചിരുന്നോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഡൽഹി - ഹരിയാന അതിർത്തിയിലെ ഭിവാനിപ്പൂ‌ർ ജില്ലയിൽ നിന്നുള്ള കൊള്ളക്കാരാണ് മോഷണത്തിനു പിന്നിലെന്ന വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഗൂഗിൾ മാപ്പ് വഴി എ.ടി.എം കൗണ്ടറുകൾ കണ്ടെത്തിയ ശേഷമാണ് മോഷണം ആസൂത്രണം ചെയ്യുന്നത്. 2017 ൽ ആലപ്പുഴയിൽ സമാന സ്വഭാവമുള്ള മോഷണം നടന്നിരുന്നെങ്കിലും ഒരാളെയാണ് അറസ്റ്റ് ചെയ്യാനായത്. ഹരിയാന സ്വദേശിയായ പൊലീസുകാരനായിരുന്നു ഈ കേസിൽ ഗൂഡാലോചനയ്ക്കു പിന്നിൽ.

പുലിവാല് പിടിച്ച് ഇതര സംസ്ഥാനക്കാർ

എ.ടി.എം കവർച്ചാ ദിവസം തൃശൂർ ജില്ലയിൽ നിന്നു 'മുങ്ങിയ' എട്ട് ഇതരസംസ്ഥാനക്കാർ പുലിവാല് പിടിച്ചു. കെട്ടിട നിർമ്മാണ തൊഴിലാളികളായ ഇവർ എ.ടി.എം കവർച്ച നടന്ന ദിവസമാണ് തൃശൂരിൽ നിന്നു മല്ലപ്പള്ളിയ്ക്ക് പോയത്. മോഷണ സംഘത്തിൽ ഉൾപ്പെട്ടവരാണിവരെന്ന് സംശയിച്ച് പൊലീസ് മല്ലപ്പള്ളിയിൽ എത്തിയെങ്കിലും ഒരാളെയും കണ്ടെത്താനായില്ല. നാട്ടകത്തേയ്ക്ക് ഇവർ പോയതായി വിവരം ലഭിച്ചതോടെ ഈ സംഘമാണ് മോഷണത്തിനു പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചു. മണിപ്പുഴയിൽ നിന്ന് പിക്കപ്പ് വാൻ മോഷണം പോയതായി കണ്ടെത്തിയതോടെ അറസ്റ്റിലേക്ക് പൊലീസ് കടന്നു. ഇതിനിടെ അഞ്ച് പേരെ നാട്ടകം ഗസ്റ്റ് ഹൗസിനു സമീപത്തു നിന്നു കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഒപ്പമുണ്ടായിരുന്ന മൂന്നു പേർ മോഷണം നടന്നതിന്റെ തലേന്ന് ട്രെയിനിൽ നാട്ടിലേയ്ക്ക് മടങ്ങിയതായി കണ്ടെത്തി. രേഖകൾ സഹിതം ഇവരോട് ഹാജരാകാൻ നി‌‌ർദേശിച്ചിട്ടുണ്ട്.