കോട്ടയം: സരസ്വതി സ്തുതികൾ മുഴങ്ങി നിന്ന നിറസന്ധ്യയിൽ പനച്ചിക്കാട് ദക്ഷിണമൂകാംബിയിൽ പൂജവയ്പ്പിന്റെ പുണ്യം. വിവിധ ക്ഷേത്രങ്ങളിൽ നിന്നടക്കം ഗ്രന്ഥങ്ങൾ ഘോഷയാത്രയായി എത്തിയതിന് ശേഷമായിരുന്നു സരസ്വതി മണ്ഡപത്തിൽ പൂജ വച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെ ക്ഷേത്രത്തിൽ ഗ്രന്ഥമെഴുന്നെള്ളിപ്പ് നടന്നു. കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രം, ചോഴിയക്കാട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, സ്വാമി വിവേകാനന്ദ പബ്ലിക്ക് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നാണ് ഘോഷയാത്രകൾ ആരംഭിച്ചത്. പരുത്തുംപാറ കവലയിൽ എത്തിച്ചേർന്ന ഘോഷയാത്രയെ പനച്ചിക്കാട് സരസ്വതി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരിച്ചു. എസ്.എൻ.ഡി.പി യോഗം കുമാരനാശാൻ സ്‌മാരക ശാഖയുടെയും, എൻ.എസ്.എസ് കരയോഗത്തിന്റെയും സ്വീകരണമുണ്ടായിരുന്നു.
ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി കലാമണ്ഡലം പള്ളം മാധവന്റെ അനുസ്‌മരണാർത്ഥം പനച്ചിക്കാട് ദേവസ്വം നൽകുന്ന സംഗീത സരസ്വതി പുരസ്‌കാരം കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ബാലചന്ദ്രനു സമർപ്പിച്ചു. നാളെ രാവിലെ ആറിന് സരസ്വതി നടയിൽ നീലംപേരൂർ പുരുഷോത്തമദാസിന്റെ നേതൃത്വത്തിൽ കൊട്ടിപ്പാടി സേവ, വൈകിട്ട് ആറിന് പുഷ്‌പാഭിഷേകം, ദീപാരാധന. മഹാനവമി ദിവസമായ 18 ന് വിവിധ ക്ഷേത്ര ചടങ്ങുകൾ. വിജയദശമി ദിനമായ 19 ന് പുലർച്ചെ നാലിന് പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭ ചടങ്ങുകൾ.