കോട്ടയം: തിരക്കേറിയ തിരുനക്കര പോസ്റ്റ് ഓഫീസ് റോഡ് തകർന്ന് തരിപ്പണമായതോടെ വാഹനയാത്ര ദുസഹമായി. തിരുനക്കര സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നു റൗണ്ടാന ഭാഗത്തേയ്‌ക്ക് എത്തുന്ന റോ‌ഡിനാണ് ദുരവസ്ഥ. ഗാന്ധിസ്‌ക്വയറിൽ നിന്നു തിരുനക്കര ക്ഷേത്രത്തിനു മുന്നിലൂടെ റൗണ്ടാനയിൽ എത്തുന്ന നഗരത്തിലെ പ്രധാന ഇടറോഡുകളിൽ ഒന്നാണ്. ക്ഷേത്രത്തിലെത്തുന്നവരും, തിരുനക്കര സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നു പുറത്തെത്തുന്ന സ്വകാര്യ ബസുകളും ഇതുവഴിയാണ് പോകുന്നത്. റോഡിന്റെ മദ്ധ്യഭാഗത്താണ് തകർച്ച കൂടുതൽ. കുഴിയിൽ ചാടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും തുടർക്കഥയാണ്. മാസങ്ങൾക്കു മുൻപ് കാരാപ്പുഴ ഭാഗത്തേയ്ക്കുള്ള പൈപ്പ് ലൈൻ വലിക്കുന്നതിനായി റോഡ് കുത്തിപ്പൊളിച്ചതോടെയാണ് തകർച്ച തുടങ്ങിയത്. ശബരിമല സീസണിനു ഒരു മാസം മാത്രം ബാക്കി നിൽക്കെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യം ശക്തമാണ്.

കുട്ടികൾക്കും ഭീഷണി

തിരുനക്കര സ്വകാര്യ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ശേഷം പ്രദേശത്തെ വിവിധ സ്‌കൂളുകളിലേയ്ക്കുള്ള കുട്ടികൾ അടക്കമുള്ളവർ ഈ റോഡിലൂടെയാണ് പോകുന്നത്. കുഴിയിൽ ചാടാതിരിക്കാൻ വാഹനങ്ങൾ വെട്ടിക്കുന്നത് കുട്ടികൾക്ക് അപകട ഭീഷണി ഉയർത്തുന്നുണ്ട്.