കോട്ടയം: കുമരകത്തെ ആഡംബര ഹോട്ടലായ ആശിർവാദ് ഹെറിറ്റേജ് റിസോർട്ടിൽ നിന്നു കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു. 30 സെൻ്റീമീറ്ററോളം നീളമുള്ള കഞ്ചാവ് ചെടികളാണ് ഹോട്ടലിനു പിന്നിലെ ചെടിച്ചട്ടിയിൽ നിന്നു പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ ശുചീകരണ തൊഴിലാളിയായ മാങ്ങാനം സ്വദേശി അഖിലിനെ (22) എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്‌തു. തൊഴിലാളിയെ പ്രതി ചേർത്ത് ഉന്നതരെ രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. പുൽത്തകിടിയിലെ ചെടികൾക്കൊപ്പം നിന്നിരുന്നതിനാൽ കഞ്ചാവ് ചെടി ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തുകയായിരുന്നു. അതീവ സുരക്ഷയുള്ള ആഡംബര ഹോട്ടലിന്റെ പിന്നിൽ ഇയാൾ എങ്ങനെ കഞ്ചാവ് ചെടി നട്ടെന്നതാണ് പ്രധാനമായും ഉയരുന്ന സംശയം.