കോട്ടയം:പ്രളയത്തിൽ മുങ്ങിത്താഴ്ന്ന് തേങ്ങയുടെ ഉത്പാദനം കുറഞ്ഞതിനാൽ വെളിച്ചെണ്ണ വില കുതിച്ചുയരുമെന്ന കണക്കുകൂട്ടൽ തെറ്റി. കോട്ടയത്ത് വെളിച്ചെണ്ണ കിലോയ്ക്ക് 170 രൂപയായാണ് താഴ്ന്നത്. തേങ്ങ കിലോയ്ക്ക് 35 രൂപയിലെത്തി. കൊച്ചിയിൽ 141 ഉം ആലപ്പുഴയിിൽ 142-152 രൂപയുമാണ് വെളിച്ചെണ്ണ മൊത്തവില. കഴിഞ്ഞ ഓണം സീസണിൽ വെളിച്ചെണ്ണവില 230 രൂപ വരെ എത്തിയിരുന്നു. നവരാത്രി , ദീപാവലി കാലത്ത് വില കുതിച്ചുയരേണ്ടതാണ്. കൊപ്രയും വെളിച്ചെണ്ണയും കൂടുതൽ ഇറക്കുമതി ചെയ്തതാണ് വിലയിടിവിന് കാരണം. ഇതോടെ വൻതോതിൽ തമിഴ്നാട്ടിൽ നിന്നെത്തിയിരുന്ന വ്യാജവെളിച്ചെണ്ണയുടെ വരവും കുറഞ്ഞു. 100 രൂപയിൽ താഴെ വിലയ്ക്കു ലഭിച്ചിരുന്ന പാരാഫിൻ കലർന്ന വ്യാജനോട് ആർക്കും താത്പര്യമില്ല.തവിട്,സസ്യ എണ്ണ ഡിമാൻഡും കുറഞ്ഞു. കരിക്കിന് 35-40 രൂപയാണ് വില.
പെട്രോൾ ഡീസൽ വില ഉയർന്നിട്ടും നിത്യോപയോഗ സാധനവിലയിലും കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല. അരിവില സ്റ്റെഡിയായി നിൽക്കുന്നു. പയർ,പരിപ്പ്, കടല, ഉഴുന്നുപരിപ്പ്, പഞ്ചസാാര വിലയും വർദ്ധിച്ചിട്ടില്ല. സവാളവില കിലോയ്ക്ക് 20 രൂപയും കിഴങ്ങിന് 32 രൂപയുമാണ്. പച്ചക്കറിവില ഉയർന്നിട്ടില്ല. എന്നാൽ കോഴി ഇറച്ചി വില കുതിച്ചുയർന്നു. 70 രൂപ വരെ താഴ്ന്ന കോഴി വില 117 രൂപയിലെത്തി. പ്രളയകാലത്ത് കോഴികൾ ചത്തതാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. എന്നാൽ തമിഴ് നാട് ലോബി ഡിമാൻഡിനനുസരിച്ച് കോഴികളെ എത്തിക്കാതെ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നാണ് വ്യാപാരികൾ പറഞ്ഞു. മീനിനും വൻ വിലക്കയറ്റമാണ്. കരിമീൻ,മോത നൻമീൻ , നെയ് മീൻ ,വറ്റ, കാളാഞ്ചി തുടങ്ങിയവയ്ക്ക് 500 മുതൽ മുകളിലോട്ടാണ് വില.നാടൻ മത്തി കിട്ടാനില്ലാത്തതിനാൽ വരവ് മത്തിക്ക് 160 രൂപയാണ് വില.
പച്ചക്കറി വില (കിലോയ്ക്ക് )
സവാള -19.00
ഉള്ളി-36
കിഴങ്ങ്-32
പാവയ്ക്ക- 68
ബീറ്റ്റൂട്ട്- 28
മുരിങ്ങ-46
കാരറ്റ്- 58
പടവലങ്ങ-32
പയർ-28
വെണ്ടയ്ക്ക- 32
തക്കാളി-20
മുളക്- 38
ഇഞ്ചി- 88