കോട്ടയം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്കായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്ക് 90 ലക്ഷം രൂപ ഫണ്ട് അനുവദിച്ചു. പ്രധാന ഇടത്താവളങ്ങൾ സ്ഥിതി ചെയ്യുന്ന ഏറ്റുമാനൂർ,പാലാ നഗരസഭകൾക്കും, കോരുത്തോട്, എലിക്കുളം,മുത്തോലി, കാഞ്ഞിരപ്പള്ളി,ചിറക്കടവ്,എരുമേലി, പാറത്തോട് എന്നീ പഞ്ചായത്തുകൾക്കുമാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. തീർത്ഥാടകർ വന്നുപോകുന്ന റോഡുകളിലെ വഴി വിളക്കുകളുടെ പരിപാലനം, കുടിവെള്ള സംവിധാനം, മാലിന്യസംസ്‌കരണം, എയ്‌ഡ് പോസ്റ്റ് , കുളിക്കടവുകളുടെ നവീകരണം, തീർത്ഥാടകർക്ക് വിശ്രമ കേന്ദ്രങ്ങൾ , അപകട മേഖലകളിൽ സൂചനാ ബോർഡുകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഒരുക്കും. എരുമേലി പേട്ടതുള്ളലിൽ രാസകളർപൊടിക്ക് നിയന്ത്രണമുണ്ട്. ഇതിനുപകരം ഹൈദരാബാദ് സർവകലാശാലയുമായി ചേർന്ന് കെമിക്കലില്ലാത്ത നിറം തയ്യാറാക്കി വിതരണം ചെയ്യും.

എരുമേലി ഒരുങ്ങി തുടങ്ങി

തീർത്ഥാടകരെ വരവേല്ക്കാനായി എരുമേലിയിൽ ഒരുക്കങ്ങൾ ആരംഭിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾ പാർക്ക് ചെയ്യുന്നതിനായി എരുമേലി ഡിപ്പോയോട് ചേർന്ന് 50 സെന്റ് സ്ഥലം പഞ്ചായത്ത് വാടകയ്ക്കെടുത്തു. സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്ന ജോലികളും അവസാനഘട്ടത്തിലാണ്. ഇതിനായി 15 ലക്ഷം രൂപയാണ് അനുവദിച്ചത്. കൊരട്ടി, ഒാരുങ്കൽ,അഴുത, കണമല തുടങ്ങി 7 കടവുകളിലും ലൈഫ് ഗാർഡുകളെ നിയമിക്കും. എരുമേലിയിൽ ഗ്രീൻപ്രോട്ടോക്കോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി കവുങ്ങുംകുഴിയിൽ തുമ്പൂർമൂഴി പ്ലാന്റ് സ്ഥാപിക്കും. തീർത്ഥാടനകേന്ദ്രങ്ങളിലെയും ഇടത്താവളങ്ങളിലെയും മാലിന്യം നീക്കം ചെയ്യാനായി പഞ്ചായത്ത് ലോറി വാടകക്കെടുത്തിട്ടുണ്ട്. പാസ്റ്റിക്ക് വേർതിരിച്ച് പൊടിക്കാനായി ഷ്രെഡിംഗ് യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്. ഇവ ക്ലീൻ കേരള കമ്പനിക്ക് കൈമാറാനാണ് തീരുമാനം. പേട്ടതുള്ളൽ പാതയിൽ പൊടിശല്യം ഒഴിവാക്കാനായി വെള്ളം സ്‌പ്രേ ചെയ്യും.

'' നവംബർ 10 ന് മുമ്പ് യുദ്ധകാലാടിസ്ഥാനത്തിൽ എരുമേലിയിലെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കും. ഗ്രീൻപ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് നിയന്ത്രിച്ച് കാരി ബാഗുകൾക്ക് പ്രാധാന്യം നൽകും. ''

കൃഷ്‌ണകുമാർ (എരുമേലി പഞ്ചായത്ത് പ്രസിഡന്റ്)