കോട്ടയം: പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി അടച്ചിട്ടിരുന്ന കുറിച്ചിയിലെ മേൽപ്പാലം നിർമ്മാണം പൂർത്തിയാകും മുൻപ് തുറന്നു കൊടുത്തു. മൂന്നു വർഷത്തോളമായി അടച്ചിട്ടിരുന്ന പാലമാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തുറന്നു കൊടുത്തത്. അപ്രോച്ച് റോഡിന്റെ ടാറിംഗ് ജോലികളും, അവസാന അറ്റകുറ്റപണികളുമാണ് ഇനി പൂർത്തിയാകാനുള്ളത്. ചിങ്ങവനം - ചങ്ങനാശേരി പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായാണ് 2014 അവസാനത്തോടെയാണ് പഴയ മേൽപ്പാലം പൊളിച്ചു നീക്കിയത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
കുറിച്ചി ഹോമിയോ കോളേജ്, പ്രദേശത്തെ നിരവധി കോളനികൾ എന്നിവിടങ്ങളിലേയ്‌ക്കുള്ള സ്വകാര്യ ബസുകൾ അടക്കം കടന്നു പോയിരുന്നത് ഇതുവഴിയായിരുന്നു. അപ്രോച്ച് റോഡും റെയിൽവേ ട്രാക്കിനു മുകളിൽ സ്ഥാപിച്ചിരുന്ന ഗർഡറുകളും തമ്മിൽ കൂട്ടി യോജിപ്പിക്കുന്ന ജോലികൾ ദിവസങ്ങൾക്കു മുൻപാണ് പൂർത്തിയായത്. എന്നിട്ടും മേൽപ്പാലം തുറന്നുകൊടുക്കാൻ തയ്യാറാകത്തതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടർന്നാണ് ടാറിംഗ് പൂർത്തിയാകും മുൻപ് പാലം തുറന്നു നൽകാൻ റെയിൽവേ നിർബന്ധിതരായത്. ചിങ്ങവനം മുതൽ തുരുത്തി വരെയുള്ള അഞ്ച് മേൽപ്പാലങ്ങളാണ് ഒരേ സമയം പൊളിച്ചിട്ടിരുന്നത്. ചിങ്ങവനം ജംഗ്ഷനിലെയും, തുരുത്തിയിലെയും, കുഴിമറ്റം റോഡിലെയും മേൽപ്പാലങ്ങൾ രണ്ടു മാസം മുൻപാണ് പൂർത്തിയായത്. തുരുത്തിയിലെയും കുറിച്ചിയിലെയും മേൽപ്പാലങ്ങളായിരുന്നു ഇനി ബാക്കിയുണ്ടായിരുന്നത്.