വെച്ചൂർ: മണലക്ഷരങ്ങൾ മാഞ്ഞുപോകും. പക്ഷേ മനസിൽ കോറിയിടുന്നത് കാലത്തിനും മായ്ക്കാനാവില്ല. മണലിലെഴുതി മനസിലേക്ക് പകരുന്ന ജാലവിദ്യയിലൂടെയായിരുന്നു പഴയ നിലത്തെഴുത്താശാന്മാർ നമ്മുടെ ജീവിതത്തിലേക്ക് അക്ഷരങ്ങളെ അരക്കിട്ടുറപ്പിച്ചിരുന്നത്. കാലാന്തരത്തിൽ ആശാൻ കളരികൾ നഴ്സറിക്കും പ്ലേസ്കൂളിനും കിന്റർ ഗാർട്ടനുമൊക്കെ വഴിമാറി. പക്ഷേ പഴയകാലത്തിന്റെ നന്മകളെ തിരികെ വിളിക്കാൻ ആഗ്രഹിക്കുന്ന ചിലരങ്കിലുമുണ്ട് നമുക്കിടയിൽ.അതിലൊരാളാണ് അച്ചിനകം നാലുചിറയിൽ അംബിക. പഴയ ആശാൻ കളരിയുടെ പുനരാവിഷ്കാരത്തിലൂടെ ആ പഴയ പാഠ്യരീതിയെ പുതിയ തലമുറകൾക്ക് പരിചയപ്പെടുത്തുകയാണ് ഈ 38 കാരി. അംബികയുടെ ഓർമ്മയിൽ അവിടെ പണ്ടൊരു ആശാൻ കളരിയുണ്ടായിരുന്നു. പഴമയുടെ ആ നിറമുള്ള ഓർമ്മകളാണ് വീണ്ടുമൊരു ആശാൻ കളരി എന്ന ആശയം നൽകിയത്. ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപികയായിരുന്നു അംബിക. ഭർത്താവ് സലിംകുമാറും വീട്ടുകാരും ഒപ്പം നിന്നു. വീടിന്റെ മുൻഭാഗത്തെ ഹാൾ തന്നെ കളരിക്കായി ഒരുക്കി. എസ്.എൻ.ഡി.പി യോഗം 601-ാം നമ്പർ അച്ചിനകം ശാഖാപ്രവർത്തകരാണ് കളരിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ പിൻതുണയും നൽകുന്നത്. പഴയ പാഠ്യ രീതികളുടെ മികവ് തിരിച്ചറിയുമ്പോൾ കൂടുതൽ രക്ഷിതാക്കൾ കുട്ടികളെ കളരിയിലേക്ക് അയക്കുമെന്നാണ് അംബികയുടെ പ്രതീക്ഷ.