ഈരാറ്റുപേട്ട: സർവ്വത്ര തകർന്നു, ഈരാറ്റുപേട്ട പീരുമേട് സംസ്ഥാനപാതയിലൂടെയുള്ള യാത്ര ഇപ്പോൾ യാത്രക്കാരുടെ നടുവൊടിക്കും. ഈരാറ്റുപേട്ട മുതൽ വാഗമൺ വരെയുള്ള 18 കിലോമീറ്റർ ദൂരമാണ് ഇപ്പോൾ പൂർണമായും തകർന്നിരിക്കുന്നത്.
കോട്ടയത്തുനിന്ന് ടൂറിസ്റ്റ് കേന്ദമായ വാഗമണ്ണിലേക്ക് എത്താനുള്ള ഏക റോഡിനെയാണ് അധികൃതർ അവഗണിക്കുന്നത്.
വാഹനയാത്രക്കാർക്ക് റോഡിലെ കുഴികൾ ഇപ്പോൾ പേടിസ്വപ്നമാണ്.കുഴികളിൽ ചാടി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് നിത്യ സംഭവമാണ്. റോഡിന്റെ ഏറിയപങ്കും ചെങ്കുത്തായ കയറ്റവും കൊടുംവളവുകളുമാണ്. കഴിഞ്ഞ വർഷം കുഴിയടയ്ക്കൽ നടന്ന റോഡിന്റെ ഭാഗങ്ങളാണ് ഇപ്പോൾ തകർന്ന് തരിപ്പണമായിരിക്കുന്നത്.റോഡ് ആധുനിക രീതിയിൽ ബി.എം.സി.സി ടാറിംഗ് നടത്തുമെന്നുള്ള അധികൃതരുടെ വാഗ്ദാനവും നടപ്പായിട്ടില്ല.