പുത്തൻകായലിൽ പ്രതിഷേധവുമായി കർഷകർ
വൈക്കം: വെച്ചൂർ പുത്തൻകായലിലെ കൃഷിയിടത്തിന്റെ പുറംബണ്ട് തകർത്ത് അനധികൃത വെള്ള കക്കാ ഖനനം നടത്തി കൃഷിഭൂമിയെ നശിപ്പിക്കുന്നതായി ആക്ഷേപം. രാത്രികാലങ്ങളിൽ വലിയ വള്ളങ്ങളിൽ സംഘം ചേർന്നെത്തിയാണ് പുറംബണ്ട് തകർത്ത് വെള്ളകക്കാ ഖനനം നടത്തുന്നത്. 762 ഏക്കർ വിസ്തൃതിയുള്ള കൃഷിഭൂമിയുടെ പുറംബണ്ടിനടിയിൽ നിന്നും വെള്ള കക്കാ ഖനനം ചെയ്തതിനെ തുടർന്ന് പല തവണ കൃഷിയിടം വെള്ളത്തിൽ മുങ്ങിയിരുന്നു. രണ്ടു മാസം മുമ്പ് ഉണ്ടായ പ്രളയത്തിൽ രണ്ടിടങ്ങളിൽ മീറ്ററുകളോളം ബണ്ട് തകർന്ന് പുത്തൻ കായലിലെ കൃഷിഭൂമി പുർണമായി വെള്ളത്തിൽ മുങ്ങിയിരുന്നു. കർഷകർ ലക്ഷങ്ങൾ ചെലവഴിച്ചാണ് ബണ്ട് പുനർനിർമ്മിച്ചത്. അതേസമയം കക്കാ ഖനനം സംബന്ധിച്ച് അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് കർഷകർ ആരോപിക്കുന്നു.തെങ്ങും വാഴയും പച്ചക്കറി ഇടവിളകളുമാണ് പുത്തൻ കായലിലെ കൃഷി. കൃഷിഭൂമിയിലെ ജലം കായലിലേക്ക് പമ്പു ചെയ്ത് കളയാൻ ശക്തിയേറിയ ഏഴ് മോട്ടോറുകൾ സ്ഥാപിച്ചിട്ടുണ്ട്. 400 ഓളം കർഷകർക്ക് ഭൂമിയുള്ള ഇവിടെ16 കർഷകരാണ് പുറംബണ്ടിനോട് ചേർന്ന് വീടുവച്ച് താമസിക്കുന്നത്. കൃഷിഭൂമിയുടേയും ബണ്ടിന്റെയും സംരക്ഷണത്തിന് നേതൃത്വം നൽകുന്നത് കൈപ്പുഴ- വെച്ചൂർ കായൽ കർഷക സഹകരണ സംഘമാണ്.
വലച്ച് മോഷണം
അനധികൃത വെള്ള കക്കാ ഖനനത്തിന് പുറമെ പട്ടാപകൽ നാളികേരം ഉൾപ്പെടെയുള്ളവ മോഷണം പോകുന്നതും പുത്തൻകായലിലെ കർഷകരെ വലയ്ക്കുകയാണ്. കഴിഞ്ഞ ദിവസം വള്ളത്തിലെത്തിയ മൂന്നംഗ സംഘം നാളികേരം മോഷ്ടിച്ചിരുന്നു. ഇവരെ കർഷകർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു.