കോട്ടയം: നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭ പദ്ധതി തയ്യാറാക്കുന്നു. നഗരസഭ എൻജിനിയറിംഗ് വിഭാഗം തയാറാക്കുന്ന പ്രോജക്ട് ഉടൻ കൗൺസിൽ യോഗത്തിന്റെ അംഗീകാരത്തിനായി വയ്ക്കും. പദ്ധതിക്കായി ദേശീയ–സംസ്ഥാന കായിക മന്ത്രാലയത്തിന്റെ സഹായം തേടാൻ കൗൺസിൽ യോഗം നേരത്തേ തീരുമാനിച്ചിരുന്നു. പവലിയൻ, സിന്തറ്റിക് ട്രാക് തുടങ്ങിയവ ഒരുക്കാനാണ് തീരുമാനം. മഴ പെയ്താൽ ചെളി അടിയാതിരിക്കാൻ സ്റ്റേഡിയം ഉയർത്തി നവീകരിക്കും. പത്തര ഏക്കർ സ്ഥലത്താണ് സ്റ്റേഡിയവും അനുബന്ധ കെട്ടിടവും സ്ഥിതിചെയ്യുന്നത്. രണ്ടുവർഷം മുമ്പ് ഗാലറിയുടെ ഒരു വശം നിലം പൊത്തിയിരുന്നു. മഴക്കാലത്ത് മീനച്ചിലാറ്റിൽ വെള്ളം ഉയരുമ്പോൾ സ്റ്റേഡിയത്തിനകം വെള്ളക്കെട്ടാകും. പല തവണ മണ്ണിട്ടു നിരപ്പാക്കിയെങ്കിലും ഫലമുണ്ടായില്ല. ഓടകൾ ഇല്ലാത്തതായിരുന്നു ഇതിന് കാരണം. പരിശീലനത്തിന് എത്തുന്ന കായിക താരങ്ങൾക്കു പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും നിലവിൽ സൗകര്യമില്ല. രാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെയും അനാശാസ്യക്കാരുടെയും താവളമാണ് സ്റ്റേഡിയവും പരിസരവും.