പാലാ: കുട്ടികളുടെ മനോനില തെറ്റിക്കാൻ പാലായിൽ ''ഗോസ്റ്റ് ഹൗസ്. '' നഗരസഭയുടെയോ മറ്റ് അധികാരികളുടെയോ അനുമതിയില്ലാതെയാണ് ഈ പ്രേതവീടിന്റെ പ്രവർത്തനം. മുണ്ടുപാലത്ത് ഒരു എക്‌സിബിഷനായി പാലാ മുനിസിപ്പാലിറ്റിയിൽ നിന്ന് താൽക്കാലിക അനുമതി വാങ്ങിയശേഷമാണ് ഇതോടൊപ്പം ഗോസ്റ്റ് ഹൗസും പ്രവർത്തിപ്പിക്കുന്നത്. പ്രദർശനം കാണാനെത്തിയ കുട്ടികളെയും മുതിർന്നവരെയും ഗോസ്റ്റ് ഹൗസിൽ പ്രവേശിപ്പിക്കുകയും അവിടെനിന്ന് പേടിച്ചരണ്ട് കുട്ടികൾ പുറത്തേയ്‌ക്കോടുന്നതും പ്രദർശനത്തിലെ പതിവ് കാഴ്ച.
പ്രദർശന മൈതാനിയിൽ പടുതാകൊണ്ട് കെട്ടിമറച്ച് ഒരു കുടുസുമുറിയുടെ രൂപത്തിലാക്കിയ ശേഷം ഇതിലേക്ക് കുട്ടികൾ ഉൾപ്പെടെയുള്ളവരെ ടിക്കറ്റെടുപ്പിച്ച് പ്രവേശിപ്പിക്കുകയാണ്. തുടർന്ന് ഭീതിപ്പെടുത്തുന്ന ശബ്ദം സ്പീക്കറിൽ നിന്ന് മുഴങ്ങും. മുഖംമൂടി ധരിച്ച ചില യുവാക്കൾ ഗോസ്റ്റ് ഹൗസിനുള്ളിലുണ്ട്. ഇരുട്ട് നിറഞ്ഞ കൂടാരത്തിനുള്ളിൽ കയറുന്നവർക്ക് പരസ്പരം കാണാനാവില്ല. ഒരാഴ്ചമുമ്പ് ആരംഭിച്ച പ്രദർശനത്തിൽ ഗോസ്റ്റ് ഹൗസിൽ കയറിയിറങ്ങിയ ചില കുട്ടികൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും 'ഉല്ലാസം ' പകരാനെന്നപേരിലാണ് പക്ഷി മൃഗാദികളുടെ പ്രദർശനം ഉൾപ്പെടെയുള്ള എക്‌സിബിഷൻ നടന്നുവരുന്നത്. എക്‌സിബിഷൻ സ്ഥലത്ത് ഫുഡ്‌കോർട്ടിനും അക്വേറിയം തുടങ്ങിയവയ്ക്കും മാത്രമാണ് അനുമതി കൊടുത്തിട്ടുള്ളതെന്നും ഗോസ്റ്റ് ഹൗസിന് അനുമതി നൽകിയിട്ടില്ലെന്നും നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ നാസർ പറഞ്ഞു.
ദിവസം ഇരുപതിനായിരം രൂപയോളം വാടകയ്ക്ക് മൈതാനം വിട്ടുനൽകിയിട്ടുണ്ടെങ്കിലും ഇവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അന്വേഷിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മൈതാനത്തിന്റെ ഉടമസ്ഥാവകാശമുള്ള പാലാ മാർക്കറ്റിംഗ് സഹകരണസംഘം മാനേജിംഗ് ഡയറക്ടർ തോമസ് പറഞ്ഞു. സംഭവത്തിൽ റിപ്പോർട്ട് നല്കാൻ മുനിസിപ്പൽ ഹെൽത്ത് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പാലാ നഗരസഭാ ചെയർപേഴ്‌സൺ പ്രൊഫ. ഡോ. സെലിൻ റോയി തകിടിയേൽ പറഞ്ഞു. അതേസമയം നഗരസഭയിൽ നിന്നുള്ള അനുമതിയോടുകൂടി തന്നെയാണ് ഗോസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രദർശന നഗരിയിൽ പ്രവർത്തിച്ചുവരുന്നതെന്ന് സംഘാടകനായ ബിനു ഗോപി പറയുന്നു.