കോട്ടയം: നിലയ്ക്കലും പമ്പയും പ്രതിഷേധത്തിൽ ആളിക്കത്തുമ്പോൾ എരുമേലിയിൽ ശാന്തമായിരുന്നു സ്ഥിതിഗതികൾ. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ മാതൃശക്തി എരുമേലി ധർമ ശാസ്താ ക്ഷേത്രത്തിന് മുന്നിൽ നടത്തിയ പ്രാർത്ഥനാ ഉപവാസത്തിൽ നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്തു. ആക്രമണ സാദ്ധ്യത മുന്നിൽക്കണ്ട് ഇരുനൂറിലേറെ പൊലീസുകാരെ വിന്യസിച്ചിരുന്നു. അമ്പത്തൊന്ന് ഹൈന്ദവ സംഘടനകളിലെ മുതിർന്ന നേതാക്കളും ആചാര്യൻമാരും അടക്കം ഏഴ് ജില്ലകളിലെ പ്രവർത്തകരുടെ നേതൃത്തിലായിരുന്നു നാമജപ ഉപവാസം. പന്തളം രാജകുടുംബാംഗം പൂഞ്ഞാർ കോവിലകം പ്രതിനിധി പൂരാടം തിരുനാൾ മംഗളാഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു, അയ്യപ്പ സേവാസമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് എന്നിവർ സംസാരിച്ചു. നിലയ്ക്കലും പമ്പയിലും സമാധാനപരമായ സമരത്തിനിടെ സർക്കാർ പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്നാണ് സമരക്കാരുടെ വാദം. അതേസമയം എരുമേലിയിലും സംഘർഷാവസ്ഥയ്ക്കുള്ള സാദ്ധ്യത പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. ആവശ്യമെങ്കിൽ നിലയ്ക്കലിലേയ്ക്ക് കൂടി പോകുക എന്ന ലക്ഷ്യത്തോടെയാണ് എരുമേലിയിൽ ഇത്രയും പൊലീസിനെ വിന്യസിച്ചിരിക്കുന്നത്. തുലാമാസ പൂജയായതിനാൽ എരുമേലി വഴിയുള്ള തീർത്ഥാടകർ കുറവായതിനാൽ ദേവസ്വം ബോർഡ് അധിക സൗകര്യം ഒരുക്കിയിരുന്നില്ല.