പാലാ : കേരളത്തിലെ ആദ്യ ടിബറ്റൻ ബുദ്ധക്ഷേത്രം പാലായ്ക്കടുത്ത് വേഴാങ്ങാനത്ത് തുറക്കുന്നു. കോഴിക്കോട് ആസ്ഥാനമായുള്ള മഹാബോധി ഇന്റർനാഷണൽ സ്പിരിച്ച്വൽ ട്രസ്റ്റാണ് ക്ഷേത്രം നിർമ്മിച്ചത്. കർണാടകയിലെ ബൈലക്കുപ്പയിലുള്ള ബുദ്ധ സന്യാസിമാരുടെ നേതൃത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. ക്ഷേത്രത്തിലേക്കുള്ള വിഗ്രഹങ്ങളും എത്തിച്ചിട്ടുണ്ട്.
ഒരു വർഷം മുമ്പ് ഗുരു കെംപോജിയുടെ നേതൃത്വത്തിലുള്ള സന്യാസി സംഘമാണ് ക്ഷേത്ര ശിലാസ്ഥാപനം നിർവ്വഹിച്ചത്. പ്രത്യേക സ്തൂപികയോടുകൂടിയ ക്ഷേത്രമാണ് പൂർത്തീകരിച്ചിരിക്കുന്നത്. ശ്രീബുദ്ധൻ, അമിതാഭ ബുദ്ധ, ഗുരുറിമ്പോച്ചി, അവലോകിതേശ്വരൻ, മഞ്ജുശ്രീ എന്നിവരുടെ വിഗ്രഹങ്ങളാണ് ഇവിടെ പ്രതിഷ്ഠിക്കുന്നത്. വിഗ്രഹങ്ങൾ ആചാരപൂർവ്വം പ്രതിഷ്ഠിച്ചിട്ടില്ലെങ്കിലും നിരവധി ബുദ്ധമത വിശ്വാസികൾ ഇവിടെ പ്രാർത്ഥനയ്ക്ക് എത്തുന്നുണ്ട്.
ബുദ്ധസന്ദേശങ്ങളെക്കുറിച്ച് പ്രചാരണം നടത്താനും ഈ രീതിയിൽ ജീവിതശൈലി ക്രമപ്പെടുത്താനുമുള്ള സന്ദേശങ്ങൾ നൽകുന്ന കേന്ദ്രമായി വേഴാങ്ങാനം ബുദ്ധക്ഷേത്രം മാറുമെന്ന് സ്പിരിച്ച്വൽ ട്രസ്റ്റ് മുഖ്യകാര്യദർശി കോഴിക്കോട് ആർ.എൻ.പിള്ള പറഞ്ഞു. എല്ലാ മാസവും ധർമ്മ പ്രഭാഷണവും ഉണ്ടാകും.